തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധപ്രവര്ത്തനങ്ങളുള്പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആര്.ബിന്ദു, എം.ബി രാജേഷ്, കെ.രാജന്, പി.രാജീവ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
സ്കൂള്‍ പരിസരത്ത് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷിതത്വം ഉറപ്പാക്കുക, കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് അപകടമുണ്ടാക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, വൈദ്യുതി കേബിളുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യുക, സ്കൂള്‍ കാമ്പസ് വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സ്കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള കടകളില്‍ എക്സൈസ് വകുപ്പ് നിരന്തരം പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണവും ഉറപ്പാക്കാന്‍ ജില്ലാതല പൊതു ജാഗ്രതാ സമിതി യോഗങ്ങള്‍ പതിവായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: