തിരുവനന്തപുരം: ആക്കുളത്ത് സാഹസിക ടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കണ്ണാടി പാലത്തിന്റെ തകര്‍ച്ചയില്‍ ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാന്‍ നീക്കം. സംഭവത്തില്‍ സാമൂഹ്യ വിരുദ്ധരാണ് പാലം തകര്‍ത്തതെന്ന നിലപാട് ചൂണ്ടിക്കാട്ടവെയാണ് ഭരണപക്ഷ പാര്‍ട്ടിക്കാരല്ലാത്ത ജീവനക്കാര്‍ക്കെതിരെ വൈബ്കോസ് സൊസൈറ്റി അധികൃതരുടെ ആരോപണം.
കണ്ണാടിപ്പാലം നിര്‍മ്മാണത്തിനായി കൊണ്ടുവന്ന മൂന്ന് പാളികളുള്ള ഗ്ലാസ്സാണ് തകര്‍ത്തതെന്നും ഇത് ടൂറിസം പദ്ധതിക്കെതിരെയുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിയാണെന്നുമാണ് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍ പ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുടെ ആരോപണം. എന്നാല്‍ പാലത്തില്‍ ഘടിപ്പിച്ച ഗ്ലാസ്സാണ് തകര്‍ന്നത്. ഇത് മറച്ചു വയ്ക്കാനാണ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഗ്ലാസാണ് തകര്‍ത്തതെന്ന് പറയുന്നത്.
കരുതിക്കൂട്ടിയുള്ള പ്രവൃത്തിയായിരുന്നെങ്കില്‍ ഒന്നിലധികം ഗ്ലാസ്സുകള്‍ തകര്ക്കപ്പെടണമായിരുന്നു. അതും ഇവിടെ സംഭവിച്ചിട്ടില്ല. ഒരേസമയം ഇരുപത് പേര് കയറിയാല്‍ തകരാത്തവിധം നിര്‍മ്മിക്കുന്ന പാലത്തിലെ ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചുവെന്നു നിര്‍മാതാക്കള്‍ തന്നെ പറയുമ്പോള്‍ ഗ്ലാസ്സിന്റെ നിലവാരത്തിലും ആശങ്ക വര്‍ധിക്കുന്നു. സിസിടിവി ക്യാമറകള്‍ പാര്‍ക്കിനുള്ളിലുണ്ട്. പാലം നിര്‍മ്മിച്ചിട്ടുള്ള ഭാഗത്തും ക്യാമറയുണ്ട്. ഇത് പരിശോധിച്ചാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിയുമെന്നിരിക്കേയാണ് ആരോപണങ്ങള്‍ ഉയര്‍ത്തി തടി തപ്പാന്‍ സൊസൈറ്റി നോക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കുറ്റം മറ്റുള്ളവരുടെ പേരില്‍ അടിച്ചേല്‍പ്പിച്ച് സ്വയം രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സാമൂഹ്യവിരുദ്ധര്‍ ഗ്ലാസ് നശിപ്പിച്ചെന്ന വാദവുമായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ രംഗത്തുവന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍ പ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ വി.കെ.പ്രശാന്ത് നല്കിയ പരാതിയെ തുടര്‍ന്ന് ശ്രീകാര്യം പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: