ന്യൂദല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ നെഹ്റു കുടുംബത്തില്‍ നിന്നാരെയെങ്കിലും യുപിയില്‍ മത്സരിപ്പിക്കാതെ മറ്റുവഴികളില്ലെന്ന ബോധ്യത്തിലാണ് താരതമ്യേന സുരക്ഷിത മണ്ഡലമായ റായ്ബറേലിയില്‍ രാഹുലിന്റെ മത്സരം. വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കാനാണ് പദ്ധതി. യുപിയില്‍ വിജയിച്ചാല്‍, മുസ്ലിംലീഗ് പിന്തുണയോടെ വലിയ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പായ വയനാട്ടിലേക്ക് ഇല്ല എന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസും രാഹുലുമെന്ന് വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും വരെ റായ്ബറേലിയില്‍ മത്സരിക്കുന്നത് രഹസ്യമാക്കി വെച്ചതിന് കാരണവും ഇതുതന്നെ.
വളരെ നേരത്തെ തീരുമാനിച്ചുറപ്പിച്ച നാടകമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും കളിക്കുന്നത്. സോണിയ രാജ്യസഭയിലേക്ക് മാറിയതിന് പിന്നാലെ തന്നെ തീരുമാനിച്ച കാര്യം പുതുമയോടെ അവതരിപ്പിക്കാന്‍ പ്രഖ്യാപന നാടകങ്ങള്‍ വഴി കോണ്‍ഗ്രസ് ശ്രമിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ പരാജയം ഉറപ്പായതോടെയാണ് രാഹുല്‍ സുരക്ഷിതമണ്ഡലമായി വയനാട് 2019ല്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഇത്തവണ സോണിയയ്ക്ക് പകരം രാഹുല്‍ റായ്ബറേലിയിലേക്ക് എത്തുന്നതോടെ വിജയം ഉറപ്പാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിലവില്‍ റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും സമാജ് വാദി പാര്‍ട്ടിയാണ് വിജയിച്ചത്. റായ്ബറേലി മണ്ഡലത്തില്‍ മാത്രമാണ് ബിജെപി വിജയം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അദിതി സിങ്ങാണ് റായ്ബറേലി എംഎല്‍എ.
റായ്ബറേലിയില്‍ ജയിച്ച് വീണ്ടും ദേശീയരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനാണ് രാഹുലിന്റെ ശ്രമം. 2019ല്‍ വയനാട് എംപിയായി മാത്രം ഒതുങ്ങേണ്ടിവന്നതില് നെഹ്റു കുടുംബം അസ്വസ്ഥമാണ്. ന്യൂനപക്ഷ വോട്ടുകളിലൂടെ വിജയിച്ച് ലോക്സഭയിലെത്തുന്നത് ദേശീയരാഷ്ട്രീയത്തില്‍ തിരിച്ചടിയായെന്ന വിലയിരുത്തലും രാഹുലിനായി റായ്ബറേലി ഒഴിച്ചിടാന്‍ സോണിയയെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രമായി ഇതിനകം അമേഠി മാറിയതും റായ്ബറേലി രാഹുലിന് മാറ്റിവയ്ക്കാന്‍ നെഹ്റു കുടുംബത്തെ നിര്‍ബന്ധിതരാക്കി.
2019ല്‍ അമേഠിയില്‍ പരാജയപ്പെട്ട ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന രാഹുല്‍ വിജയിച്ച വയനാട്ടിലും അപൂര്‍വമായി മാത്രമാണ് എത്തിയിട്ടുള്ളത്. രാഹുലിന്റെ ഈ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനാണ് ബിജെപിയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: