കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റങ്ങളും പുതിയ ചട്ടങ്ങളും വരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
സര്‍ക്കുലറിനെ ചോദ്യം ചെയ്ത് ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍, ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷനും മറ്റും നല്കിയ ഹര്‍ജികള്‍ 21-ന് വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റി. ലേണേഴ്സ് ടെസ്റ്റിന് ശേഷം അന്തിമ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ക്ക് പുതിയ സര്‍ക്കുലര്‍ ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ലൈസന്‍സ് ടെസ്റ്റില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഫെബ്രുവരി 21 നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഡ്രൈവിങ് സ്കൂളുകള്‍ പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഘടിപ്പിച്ച 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ടെസ്റ്റ് നടത്തുന്നതിനും ലൈസന്‍സ് നല്കുന്നതിനുമുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ദേശിക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് അനുസൃതമായി ഡ്രൈവിങ് കഴിവ് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കുലര്‍ ഉദ്ദേശിക്കുന്നതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ യോഗ്യത സംബന്ധിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ വിശദമായി പരിഗണിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: