ഇടുക്കി: വേനല്‍ മഴ വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ മൊത്തം ശേഷിയുടെ 33 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 1374.642 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ഇനി 35.17 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 2336.84 അടിയാണ് സംഭരണിയിലെ ഇന്നലത്തെ ജലനിരപ്പ്. 770.291 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. 2280 അടിയാണ് ഡെഡ് സ്റ്റോറേജ്. 7.077 ദശലക്ഷം യൂണിറ്റാണ് മൂലമറ്റത്തെ നിലയത്തിലെ ഉത്പാദനം.
സംസ്ഥാനത്ത് വേനല്‍ മഴയില്‍ 63 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കിയില്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും തുടക്കം മുതല്‍ വെള്ളം കുറവായതിനാല്‍ പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജനുവരി 1ന് 68 ശതമാനമായിരുന്നു ജലനിരപ്പ്. ഫെബ്രുവരിയില്‍ ഒന്നിന് 64 ശതമാനമായും മാര്‍ച്ച് 1ന് ഇത് 56 ശതമാനമായും കുറഞ്ഞു.
ഏപ്രില്‍ 1ന് അത് 46 ശതമാനമായും കുറഞ്ഞു. സാധാരണയായി 10 ദശലക്ഷം വരെ ശരാശരി നടത്തിയിരുന്ന ഉത്പാദനം ആദ്യസമയങ്ങളില്‍ 1 മുതല്‍ 2 ദശലക്ഷം യൂണിറ്റായി കുറച്ചാണ് കെഎസ്ഇബി ജലനിരപ്പ് പിടിച്ചുനിര്‍ത്തിയത്. പിന്നീടത് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 5 വരെ എത്തി. പിന്നീട് ഏപ്രിലില്‍ ഇത് എട്ടു ദശലക്ഷം വരെയായി ഉയര്‍ത്തുകയായിരുന്നു.
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കെഎസ്ഇബിയുടെ കീഴിലുള്ളത് (ശതമാനത്തില്‍)
പമ്പ- 30, ഷോളയാര്‍- 20, ഇടമലയാര്‍- 34, കുണ്ടള- 94, മാട്ടുപ്പെട്ടി- 53, കുറ്റിയാടി- 35, തര്യോട്- 20, ആനയിറങ്കല്‍- 19, പൊന്മുടി- 33, പെരിങ്ങല്‍കുത്ത് -26, ലോവര്‍പെരിയാര്‍- 81, കല്ലാര്‍കുട്ടി- 72 ശതമാനം. പമ്പ, കുറ്റിയാടി, പൊന്മുടി അടക്കമുള്ള സംഭരണിയിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇടുക്കി, ഇടമലയാര്‍, കുണ്ടള അണക്കെട്ടുകളിലേക്ക് നേരിയ നീരൊഴുക്കുണ്ട്.
നെയ്യാര്‍- 39, കല്ലട- 41, മലങ്കര- 94, വാഴാനി- 20, ചിമ്മണി- 8, പീച്ചി- 14, ശിരുവാണി- 37, കാഞ്ഞിരപ്പുഴ- 11, മീങ്കര- 19, വാളയാര്‍- 17, മലമ്പുഴ- 15, പോത്തുണ്ടി- 17, ചുള്ളിയാര്‍- 8, മംഗലം- 12, കുറ്റിയാടി- 60, കാരാപ്പുഴ- 38 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയില്‍ വന്‍തോതില്‍ വെള്ളം കുറയുന്നത് ആശങ്കയാകുന്നുണ്ട്. പൊതുവെ ചെറുകിട അണക്കെട്ടുകളിലെല്ലാം ജലശേഖരം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയുടെ കീഴില്‍ വരുന്നതുകൊണ്ടാണ് മലങ്കരയില്‍ മാത്രം വെള്ളമുള്ളത്.
1.049 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് എല്ലാ സംഭരണികളിലുമായി ഇന്നലെ ഒഴുകിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: