തിരുവനന്തപുരം: പ്രതിഷേധവും സമരവും കണക്കിലെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗതവകുപ്പ് . പ്രതിദിനം നല്കുന്ന ലൈസന്‍സ് 30 ല്‍ നിന്നും നാല്പത് ആക്കി. പ്രതിദിനം നല്കുന്ന 40 ലൈസന്‍സില്‍ 20 എണ്ണം പുതിയതും ബാക്കി 20 ഇരുപതെണ്ണം നേരത്തേ ടെസ്റ്റില്‍ തോറ്റവര്‍ക്കുമാണ്.
15 വര്‍ഷം പഴക്കം ഉളള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസം സാവകാശം നല്‍കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിക്കും. കരടിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അംഗീകാരം നല്കി. സര്‍ക്കുലര്‍ നാളെയിറങ്ങും.
ഡൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചെങ്കിലും ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകളുടെ സമരം മൂലം ഇന്നും ടെസ്റ്റുകള്‍ തടസപ്പെട്ടു സമരം തീര്‍ക്കാനുളള നടപടികള്‍ ഉണ്ടാവണമെന്ന് രാഷ്ട്രീയ സമ്മര്‍ദ്ദവും സര്‍ക്കാരിന് മേലുണ്ടായിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ ഗതാഗതവകുപ്പിന്റെ വാദം ബലപ്പെട്ടെങ്കിലും സമരം അവസാനിപ്പിക്കുന്നതിനായി അനുനയത്തിന് ഗതാഗത വകുപ്പ് തയാറാവുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നത് തൊഴില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരെയും ബാധിക്കുന്നതും പ്രശ്നമായി. ഇടത് യൂണിയനുകള്‍ സമരം നയിച്ചതും പ്രതിസന്ധിയുണ്ടാക്കി.
ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളുമായി രാവിലെ ചര്‍ച്ചക്ക് തയ്യാറായത്. തുടര്‍ന്ന് ഇളവുകള്‍ നല്‍കാമെന്ന് യൂണിയന് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: