സില്‍ഹട്ട്: ബംഗ്ലാദേശിനെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍പ്പിച്ച് ഭാരതം ട്വന്റി20 പരമ്പര സ്വന്തമാക്കി. മൂന്നാം പോരില്‍ ഇന്നലെ ഏഴ് വിക്കറ്റിനാണ് ഭാരതം വിജയിച്ചത്.
ബംഗ്ലാദേശിലെത്തി അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരവും ജയിച്ചാണ് ഭാരതം പരമ്പര ഉറപ്പിച്ചിരിക്കുന്നത്. 18.3 ഓവറില്‍ ഭാരതം ലക്ഷ്യം മറികടന്നു.
ഭാരതത്തിന് മുന്നില്‍ ബംഗ്ലാദേശ് വച്ച 118 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും(47) ഷഫാലി വര്‍മയും(51) നടത്തിയ ഉജ്ജ്വല ബാറ്റിങ്ങില്‍ മറികടന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 12.1 ഓവറില്‍ 91 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിലൂടെ വിജയവും പരമ്പരയും വരുതിയിലാക്കിയ ഷെഫാലി വര്‍മയാണ് കളിയിലെ താരമായത്. ആദ്യം ഷെഫാലി പുറത്തായ ശേഷം ഭാരത സ്കോര്‍ 100ലെത്തിയപ്പോള്‍ സ്മൃതി മന്ദാനയുടെ വിക്കറ്റും നഷ്ടപ്പെട്ടു. ഇരുവരെയും കൂടാതെ ദയാലന്‍ ഹേമലത(ഒമ്പത്)യാണ് പുറത്തായ മറ്റൊരു ബാറ്റര്‍. നായിക ഹര്മന് പ്രീത് കൗറും(ആറ്) റിച്ച ഘോഷും(എട്ട്) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഷോറിഫ ഖത്തൂണ്‍, റബേയ ഖാന്, റിട്ടു മോണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയ നിരയില്‍ ഓപ്പണര്‍ ദിലാരാ അക്ടെറും(39) നായിക നിഗര്‍ സുല്‍ത്താനയും(28) മാത്രമേ മികവ് കാട്ടിയുള്ളൂ. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഭാരതത്തിനായി രാധാ യാദവ് രണ്ട് വിക്കറ്റ് നേടി. രേണുക സിങ്, പൂജ വസ്ത്രാകാര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ആദ്യ ട്വന്റി20യില്‍ ഭാരതം ബംഗ്ലാദേശിനെ 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ 19 റണ്‍സിനും ആണ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: