വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗമാകാന്‍ പാലസ്തീനെ പിന്തുണച്ച് ഭാരതം. പാലസ്തീന് ഐക്യരാഷ്ട്രസഭ അംഗമാകുന്നതിനെ അമേരിക്ക തടഞ്ഞത് പുനഃപരിശോധിക്കണം. യുഎന്നില്‍ അംഗമാകാനുള്ള പാലസ്തീന്റെ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.
പാലസ്തീന് പൂര്‍ണ അംഗത്വം നല്കുന്നതു സംബന്ധിച്ചുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം കഴിഞ്ഞ മാസം യുഎസ് വീറ്റോ ചെയ്തിരുന്നു. പാലസ്തീന് സ്റ്റേറ്റിനെ ഐക്യരാഷ്ട്രസഭയില്‍ അംഗത്വപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന കരട് പ്രമേയത്തില്‍, 193 അംഗ യുഎന്‍ പൊതുസഭയിലെ പതിനഞ്ച് രാജ്യങ്ങളുടെ കൗണ്‍സില്‍ വോട്ട് ചെയ്തിരുന്നു. 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. സ്വിറ്റ്സര്‍ലന്‍ഡും യുകെയും വിട്ടുനിന്നു. യുഎസ് വീറ്റോ രേഖപ്പെടുത്തി.
നിലവിലെ സംഘര്‍ഷങ്ങള്‍, ഇസ്രായേലും പാലസ്തീനും തമ്മിലുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും. ഇതിന് മാത്രമേ ശാശ്വത സമാധാനം നല്‍കാനാകൂ എന്നും യുഎന്‍ പൊതു സഭയില്‍ രുചിര കംബോജ് ആവര്‍ത്തിച്ചു. ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിതമായ അതിര്‍ത്തിക്കുള്ളില്‍ ഒരു സ്വതന്ത്ര രാജ്യത്ത് പാലസ്തീന് ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം നിരവധി ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവന് നഷ്ടപ്പെടുന്നതിനും മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട് ഇത് അംഗീകരിക്കാനാവില്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അപലപനം അര്‍ഹിക്കുന്നതാണെന്നും കംബോജ് പറഞ്ഞു.
ഭീകരതയ്ക്കും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭീകരതയ്ക്കെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ദീര്‍ഘകാലവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഭാരതത്തിനുള്ളത്. ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഗാസയിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായം അടിയന്തിരമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ ഉദ്യമത്തില്‍ എല്ലാ രാജ്യങ്ങളോടും ഒരുമിച്ച് വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാരതം പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും കംബോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: