ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ചില മസാല ഉല്‍പ്പന്നങ്ങള്‍ക്ക് ചില രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധങ്ങളുടെയും കയറ്റുമതിയിലും വിപണനത്തിലും കര്‍ക്കശ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി തീരുമാനിച്ചു. ഫോര്‍ട്ടിഫൈഡ് റൈസ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാലുല്പന്നങ്ങള് എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെമ്പാടും പ്രത്യേക പരിശോധന നടത്താനാണ് നിര്‍ദേശം. സിംഗപ്പൂരും ഹോങ്കോങും അടക്കമുള്ള ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും മസാലക്കൂട്ടുകള്‍ തിരസ്കരിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരും ഭക്ഷ്യ സുരക്ഷ അതോറിറ്റിയും ഗൗരവത്തിലാണെടുത്തിട്ടുള്ളത്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുംവിധം വാര്‍ത്തയായതോടെ മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വ്യാപകമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരോ വര്‍ഷവും പരിശോധന കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. 2020 21 ല്‍ 1.08 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെങ്കില്‍ 2023 24 വര്‍ഷത്തില്‍ 4.5 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത നാല് മസാല ഉല്‍പ്പന്നങ്ങളില്‍ എഥിലിന്‍ ഓക്സൈഡ് എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍, ഹോങ്കോങ് എന്ന രാജ്യങ്ങള്‍ മടക്കി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: