നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ജയ് ഗണേഷ് എന്ന സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സ് ഒരുപക്ഷേ പറയുന്ന വാചകം ഇതായിരിക്കാം. പാസഞ്ചര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച, ഒരു പിടി സിനിമകളിലൂടെ സാന്നിധ്യം തെളിയിച്ച സംവിധായകന് രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. മാളികപ്പുറം എന്ന വിജയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് എന്ന നടന് ലഭിച്ച സ്വീകാര്യതയെ മുതലെടുക്കാനാണോ ജയ് ഗണേശ് എന്ന ചിത്രം നടനെ നായകനാക്കി ചെയ്യുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഗണപതി മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം സ്വാഭാവികമായിരുന്നു.
പ്രസ്തുത ചോദ്യങ്ങള്‍ക്കു സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞ മറുപടിയെ നൂറു ശതമാനം സാധൂകരിക്കുന്നതാണ് ഈ ചിത്രം. ഒരു രീതിയിലും മതവിശ്വാസങ്ങളുമായി ചിത്രം പറയുന്ന കഥ ബന്ധപ്പെടുന്നില്ലെന്ന് മാത്രമല്ല, സുരക്ഷിതമായ ഒരു അകലം പാലിക്കുകയും ചെയ്യുന്നു ഒരു ബൈക്കറാകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിതം തളച്ചിടപ്പെടേണ്ടിവരുന്ന ഗണേഷ് എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു.
അപകടം സമ്മാനിച്ച പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് തന്റെ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഗണേഷ് ഒരു സ്വകാര്യ ചാനലില്‍ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുകയാണ്. സമൂഹത്തില്‍ സജീവമാണെങ്കിലും മാനസികമായി ഒറ്റപ്പെട്ടു ജീവിക്കുന്ന നായക കഥാപാത്രത്തിന് ആകെയുള്ള ആശ്വാസം അതേ ഫഌറ്റ് സമുച്ചയത്തില്‍ കഴിയുന്ന എംഎല്‍എയുടെ മകനായ കുട്ടിയുമായുള്ള സൗഹൃദമാണ്. ഈ ജീവിതത്തിനിടയില്‍ അയാള്‍ ചിത്രകഥയായി അവതരിപ്പിക്കുന്ന ഒരു സൂപ്പര്‍ ഹീറോ ആണ് ജയ് ഗണേഷ്.
ഇതിനിടെ എംഎല്‍എയുടെ അനാസ്ഥയോ പണക്കൊതിയോ കാരണം മലിനമാക്കപ്പെട്ട വായു ശ്വസിച്ച മകളെ നഷ്ടപെട്ട പിതാവ് രംഗപ്രവേശനം ചെയ്യുന്നതോടെ കഥ വഴിത്തിരിവില്‍ എത്തുന്നു. പ്രതികാരത്തിനായി എംഎല്‍എയുടെ മകനെ തട്ടിക്കൊണ്ടുപോകുന്ന അയാളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ പോലീസിനൊപ്പം നായകനും ചേരുന്നതോടെ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ മോഡിലേക്ക് മാറുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ അജ്ഞാതമായ സ്ഥലത്ത് തന്റെ മകളെ പോലെ വിഷവാതകം ശ്വസിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലാനുള്ള സംവിധാനം ഒരുക്കിയതിനുശേഷം ആത്മഹത്യ ചെയ്യുന്നത് സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
ഉണ്ണി മുകുന്ദന് തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആക്റ്റീവായ ജീവിതം നയിക്കുകയും പെട്ടെന്ന് ഒരു ദിവസം വീല്‍ചെയറില്‍ തളച്ചിടേണ്ടിവരുകയും ചെയ്യുന്ന ഒരാളുടെ നെഗറ്റീവും പോസിറ്റീവുമായ എല്ലാ മാനസിക നിലകളിലൂടെയും ഈ കഥാപാത്രം കടന്നുപോകുന്നു. രണ്ടാം പകുതിയില്‍ ചിത്രം വേഗത കൈവരുമ്പോള്‍ ഇനി എന്ത് സംഭവിക്കും? നായകന് തന്റെ തട്ടിക്കൊണ്ടുപോകപ്പെട്ട സുഹൃത്തായ കുട്ടിയെ എങ്ങനെ കണ്ടെത്തി രക്ഷിക്കും? ഈ ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ചിത്രം വിജയിക്കുന്നുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ കുറവുകള്‍ കാണാതിരുന്നുകൂടാ. സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ മിക്ക ചിത്രങ്ങളിലും ഉള്ളതുപോലെ മികച്ച ഒരു വണ്‍ലൈനും അലക്ഷ്യമായ തിരക്കഥയും എന്ന കോംബോ ഇതിലും ആവര്‍ത്തിക്കപ്പെടുന്നു. ശരിക്കുള്ള കഥ രണ്ടാം പകുതിയില്‍ വരുമ്പോള്‍ ഒന്നാം പകുതി ചരട് പൊട്ടിയ പട്ടംപോലെ പോകുന്ന അവസ്ഥ. ജയ് ഗണേഷ് എന്ന കോമിക് കഥാപാത്രത്തിലൂടെ തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്നത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നത് ചോദ്യമാണ്. പരിസ്ഥിതി സംരക്ഷണം, വികലാംഗരുടെ ജീവിത വ്യഥകള്‍, നായകന് രചിക്കുന്ന കോമിക് ഹീറോ ഇങ്ങനെ പല മൂലകളില്‍ തട്ടിത്തടഞ്ഞ് കഥ ഒന്നാം പകുതിയില്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ ഇതില്‍ ഒന്നിനുപോലും ഒരു ഫോക്കസ് നല്കാന് കഴിയുന്നില്ല.
പോലീസിനെ തികച്ചും അലക്ഷ്യമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറയാതെ വയ്യ. വെറും സാധാരണക്കാരായ നായക വില്ലന്മാരുടെ അറിവിന് മുന്നില്‍ പകച്ചുനിന്ന് ഇനി എന്ത് ചെയ്യും എന്ന ചോദ്യം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായിട്ടാണ് സൈബര്‍സെല്‍ വിഭാഗത്തില്‍ ഉള്ളവരെപോലും കാണിച്ചിരിക്കുന്നത്.
ഇതു പറയുമ്പോള്‍തന്നെ ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകരെ എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി കൂടുതല്‍ ആസ്വദിക്കുന്നത് ഒരുപക്ഷേ സ്ത്രീകളും കുട്ടികളുമാകും. ഈ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഉണ്ണി മുകുന്ദന് എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാകാനാണ് സാധ്യത. കുട്ടികളുടെ പ്രിയപ്പെട്ട നായകന് എന്ന സ്ഥാനത്തേക്ക് ഒരു ചുവടുകൂടി ഉണ്ണി മുകുന്ദന് വച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: