ന്യൂദല്‍ഹി: പട്ടിക ജാതി-പട്ടിക വര്‍ഗത്തിനായി രാജ്യം ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണം ബിജെപി ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംവരണത്തിന്റെ സംരക്ഷകനാണ്. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ വീഡിയോ പുറത്തുവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ ജാതി സംവരണം ഇല്ലാതാവുമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണം മോദിയുടെ ഗ്യാരന്റിയാണ്. ബിജെപി ഒരിക്കലുമത് ഇല്ലാതാക്കില്ല. ആരേയും അനുവദിക്കുകയുമില്ല, അമിത് ഷാ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ജന പിന്തുണ നേടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപലപനീയമാണ്. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ആരും പ്രചരിപ്പിക്കരുത്.
കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് അവരുടെ ആത്മവിശ്വാസക്കുറവാണ്. രാഹുലും പ്രിയങ്കയും മത്സരിക്കുന്നുണ്ടോയെന്ന് അറിയില്ല. നെഹ്റു കുടുംബം കൈയടക്കി വെച്ചിരുന്ന ഈ സീറ്റില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താത്തത് ആത്മവിശ്വാസമില്ലായ്മ മൂലമാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുള്ള പ്രതികൂല സാഹചര്യം ഭയന്ന് അവര്‍ സ്ഥിരം സീറ്റുകള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: