ബെംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായി കുമാരസ്വാമിയുടെ ജ്യേഷ്ഠനായ രേവണ്ണയുടെ മകന് പ്രജ്വല്‍ രേവണ്ണയെ പുറത്താക്കി. ലൈംഗികമായി പീഢിപ്പിച്ചു എന്നാരോപിച്ച് നിരവധി സ്ത്രീകള്‍ പരാതി നല്കിയ സാഹചര്യത്തില്‍ അതിന് വിശദീകരണം നല്കാന് ആവശ്യപ്പെട്ട് പ്രജ്വല്‍ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികപീഡന പരാതികള്‍ അന്വേഷിക്കാന്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിയ്ക്കും വരെയാണ് ഇപ്പോഴത്തെ സസ്പെന്ഷന്.
ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ (എസ്) യോഗമാണ് പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടമായതിനാല്‍ ഈ സംഭവം ബിജെപിയുടെ പ്രതിച്ഛായയെക്കൂടി ബാധിക്കുന്ന സ്ഥിതി വന്നതോടെ ബിജെപിയും പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ജനതാദള്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ ഹാസനില്‍ ബിജെപി-ജനതാദള്‍ (എസ്) സഖ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കൂടിയാണ് പ്രജ്വല്‍ രേവണ്ണ. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 26നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ ഹാസന് ലോക് സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍ രേവണ്ണ.
കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയെ തള്ളിപ്പറഞ്ഞു
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നും കഴിഞ്ഞ ദിവസം പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചിരുന്നു. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിനുള്ളിലും വലിയ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്. ദേവഗൗഡയുടെ രണ്ട് മക്കളായ കുമാരസ്വാമിയും രേവണ്ണയും തമ്മില്‍ ശത്രുക്കളാകാന്‍ കാരണമായിരിക്കുകയാണ് ഈ ലൈംഗിക വിവാദം.
പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലായിരുന്നു ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഇയാള്‍ നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ പീഢിപ്പിച്ചതായും പരാതി ഉയരുകയാണ്.
ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടതും വിവാദമായി. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയെ വിവാദത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രിയങ്കയുടെ നീക്കം പൊളിഞ്ഞു
കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയുമായി മോദി വേദി പങ്കുവെച്ചെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. എന്നാല്‍ പ്രജ്വല്‍ രേവണ്ണയെ ജനതാദളില്‍ നിന്നു തന്നെ സസ്പെന്റ് ചെയ്തതോടെ കോണ്‍ഗ്രസിന്റെ ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ബിജെപിയും ജനതാദളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: