ഇന്ത്യയും ഒമാനും പുതിയ വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള സാധ്യത തെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും വിജയിക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കരാറിന് വഴിയൊരുങ്ങുന്നത്. ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ കരാര്‍ യാഥാര്‍ത്ഥ്യമാകും. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ പ്രധാന ചരക്കുഗതാഗത മാര്‍ഗങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഒമാനെപ്പോലെ തന്ത്രപ്രധാനമായ മേഖലയിലുള്ള ഒരു പങ്കാളിയുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ നീക്കം നടത്തുന്നത്.
ഇന്ത്യയും ഒമാനും തമ്മില്‍ നിലവില്‍ 13 ബില്യണ്‍ ഡോളറിനടുത്ത് വാര്‍ഷിക വ്യാപാരമുണ്ട്. ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സിലുമായുള്ള കരാറില്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ജിസിസി അംഗരാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ക്ക് ഇന്ത്യ മുതിരുന്നത്. ജിസിസി പാകിസ്ഥാനുമായും ചൈനയുമായും വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തില്‍ ഒമാനുമായുള്ള കരാറിന് പ്രാധാന്യമുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്‍ഷിക ഉല്പന്നങ്ങള്, രത്നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്‍ജിനീയറിങ് ഉല്പന്നങ്ങള്, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രതിവര്‍ഷം 3 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതിയുടെ തീരുവ ഇല്ലാതാക്കാന്‍ ഒമാന്‍ സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ നിന്നുള്ള ചില പെട്രോകെമിക്കല്‍സ്, അലൂമിനിയം, കോപ്പര്‍ എന്നിവയുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യയും സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: