ന്യൂഡല്‍ഹി : സ്ത്രീധനത്തിന് മേല്‍ ഭര്‍ത്താവിന് അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്ന് സുപ്രീം കോടതി. ആവശ്യമെങ്കില്‍ ഉപയോഗിക്കാം എന്നാല്‍ അത് തിരികെ നല്‍കാനുള്ള ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭര്‍ത്താവ് കൈക്കലാക്കിയ 89 പവന് തിരികെ ആവശ്യപ്പെട്ട് മലയാളിയായ 50കാരി നല്കിയ ഹര്‍ജിയിലാണ് വിധി.
നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി യുവതിയ്ക്ക് 25 ലക്ഷം രൂപ നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു. സ്ത്രീധനം ഭാര്യയുടെ മാത്രം സ്വത്താണ് ബുദ്ധിമുട്ടുള്ളപ്പോള്‍ ഭാര്ത്താവിന് ഇത് ഉപയോഗിക്കാം. അത് തിരികെ നല്‍കാനും തുല്യതുക നല്‍കാനും ഭര്‍ത്താവിന് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
2009 ല്‍ 8.90 ലക്ഷം രൂപയുണ്ടായിരുന്ന 89 പവന് സ്വര്‍ണത്തിന് പകരം പണം തിരിച്ചുപിടിക്കാനുള്ള നടപടി യുവതി വിജയകരമായി ആരംഭിച്ചതായി ബെഞ്ച് പറഞ്ഞു.വിവാഹമോചനവും അനുവദിച്ചു. 2011ലായിരുന്നു വിധി. ഇതിനെതിരെ ഭര്‍ത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാഹമോചനത്തെ എതിര്‍ത്തില്ല. സ്ത്രീധനം തിരികെ കൊടുക്കണമെന്ന ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. രണ്ടുലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചെങ്കിലും, സ്വര്‍ണത്തിന്റെ കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ചു.
സ്വര്‍ണം ഭര്‍ത്താവ് ഊരിവാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെതിരെ സിവില്‍ കേസാണ് യുവതി നല്‍കിയത്. അതിനാല്‍ സംശയാതീതമായി തെളിയിക്കേണ്ട കാര്യമില്ല, സംഭവം നടക്കാനുള്ള സാദ്ധ്യത നോക്കിയാല്‍ മതിയെന്നും സുപ്രീകോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: