തൃശ്ശൂര്‍: കരുവന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സഹ. ബാങ്കു തട്ടിപ്പുകള്‍ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് ഇടതു മുന്നണിയില്‍ ആശങ്ക. തൃശ്ശൂരും തിരുവനന്തപുരവും ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും സഹകരണ തട്ടിപ്പ് ചൂടേറിയ ചര്‍ച്ചയായിരുന്നു. കരുവന്നൂരില്‍ സിപിഎം നേതൃത്വവും തിരുവനന്തപുരം കണ്ട്ല ബാങ്കു തട്ടിപ്പില്‍ സിപിഐയും പ്രതിക്കൂട്ടിലാണ്. കരുവന്നൂര്‍ തട്ടിപ്പില്‍പ്പെട്ട നിസ്സഹായരായ ആയിരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടല്‍ പ്രതീക്ഷയേകുന്നു.
കരുവന്നൂരില്‍ ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്. 90 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അവ ഇരകള്‍ക്കു തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
സഹകരണ വകുപ്പും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന പ്രതികളെയാണ് ഇ ഡി കണ്ടെത്തിയത്. ഇതിനകം 54 പേരെ പ്രതികളാക്കി ഇ ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുമെന്നാണ് സൂചന. കേസിലെ പ്രധാന പ്രതിയായ പി. സതീഷ്കുമാര്‍ എന്ന വെളപ്പായ സതീശനില്‍ നിന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പണം കൈപ്പറ്റിയിട്ടുണ്ട്. മുന്‍ എംപി പി.കെ. ബിജു, മുന്‍ മന്ത്രി എ.സി. മൊയ്തീന്, കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന് തുടങ്ങിയവരെല്ലാം സതീഷ് കുമാറില്‍ നിന്ന് പണം കൈപ്പറ്റി.
പാര്‍ട്ടി അന്വേഷണ കമ്മിഷന് നേതൃത്വം നല്കിയ പി.കെ. ബിജു തന്നെ മുഖ്യപ്രതിയായ പി. സതീഷ്കുമാറില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി.
സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ ഡി അഞ്ചു തവണ ചോദ്യം ചെയ്തു. ഇനി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താനാണ് എം.എം. വര്‍ഗീസിനോട് ഇ ഡി ആവശ്യപ്പെട്ടത്. ജില്ലാ കമ്മിറ്റിയുടെ ചില അക്കൗണ്ടുകളെപ്പറ്റിയേ എം.എം. വര്‍ഗീസ് പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇതിനു
പുറമേ പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ചിരുന്ന അഞ്ച് അക്കൗണ്ടുകള്‍ ഇ ഡി കണ്ടെത്തി. വിവരം ആദായ നികുതി വകുപ്പിന് കൈമാറി.
തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഈ ബാങ്കുകളില്‍ പരിശോധിച്ചു. അതിലെ ഒരു അക്കൗണ്ടില്‍ അഞ്ചു കോടിയിലേറെ രൂപയുണ്ട്. ഈ അക്കൗണ്ട് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഈ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ വര്‍ഗീസ് പിന്‍വലിച്ചിട്ടുണ്ട്.
ഇതിനു പുറമേ ജില്ലാ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റികളുടെയും നിയന്ത്രണത്തില്‍ 17 രഹസ്യ അക്കൗണ്ടുകളുണ്ട്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതല്‍ രഹസ്യ അക്കൗണ്ടുകളുണ്ടാകുമെന്ന ഉറപ്പിലാണ് ഇ ഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: