മാനന്തവാടി: വയനാട്ടില്‍ കെ. സുരേന്ദ്രന്റെ പ്രചാരണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കെ. സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം ഇന്നലെ മാനന്തവാടിയില്‍ എത്തിയ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡുകള്‍ പോലീസ് എടുത്തുമാറ്റുകയായിരുന്നു.
ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കി. ഇതേ സ്ഥലത്ത് രാഹുലിന് സ്വാഗതം ആശംസിച്ച് വച്ച ബോര്‍ഡുകള്‍ മാറ്റാതെ എന്‍ഡിഎയുടെ ബോര്‍ഡുകള്‍ മാത്രം മാറ്റിയതിന്റെ പിന്നില്‍ വയനാട്ടില്‍ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയ കെ. സുരേന്ദ്രനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം.
മുമ്പ് ബത്തേരിയിലും കല്‍പ്പറ്റയിലും ഇത്തരത്തില്‍ എന്‍ഡിഎയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു. ബത്തേരിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ റോഡ് ഷോയുടെ മുന്നോടിയായി സ്ഥാപിച്ച ബോര്‍ഡുകളാണ് നീക്കം ചെയ്തത് കല്‍പ്പറ്റയില്‍ സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ മുന്നോടിയായി വഴിയരികില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എല്ലാം ഉദ്യോഗസ്ഥര്‍ റോഡില്‍ അഴിച്ചിട്ടിരുന്നു.
പ്രചാരണത്തിന്റെ അവസാന ദിവസം ഉണ്ടായ ഈ നടപടി അത്യന്തം അപലപനീയമാണെന്നും രാഹുലിന്റെ പോസ്റ്ററുകള്‍ നിലനിര്‍ത്തി എന്‍ഡിഎയുടെ മാത്രം അഴിച്ചു മാറ്റുന്നത് അംഗീകരിക്കാനാകില്ല എന്നും സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പറഞ്ഞു. തുടര്‍ന്ന് എഡിഎം എ. ദേവകിയുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ശേഷം ബോര്‍ഡുകള്‍ തിരികെ വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: