റാഞ്ചി(ഝാര്‍ഖണ്ഡ്): ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്‍ഡി സഖ്യം റാഞ്ചിയില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. കോണ്‍ഗ്രസ്-ആര്‍ജെഡി പ്രവര്‍ത്തകരാണ് ഉന്നതനേതാക്കളുടെ സാന്നിധ്യത്തില്‍ തമ്മിലടിച്ചത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇന്‍ഡി സഖ്യത്തിന്റെ റാലി നടന്ന പന്തലില്‍വച്ചായിരുന്നു തമ്മിലടി. ചത്ര സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ചത്ര സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് ആര്‍ജെഡിയുടെ നിലപാട്. ഇത് വാക്കേറ്റത്തിന് കാരണമാവുകയും ഇരുവിഭാഗവും ഏറ്റുമുട്ടുകയുമായിരുന്നു. ചത്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എന്‍. ത്രിപാഠിയുടെ അനുയായികളും ആര്‍ജെഡിക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. കെ.എന്‍. ത്രിപാഠിയുടെ സഹോദരന് ഗോപാല്‍ ത്രിപാഠിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് ഇടപെട്ടാണ് തമ്മില്‍ത്തല്ലിയ പ്രവര്‍ത്തകരെ മാറ്റിയത്. ഝാര്‍ഖണ്ഡിലെ മുന്‍മന്ത്രി കൂടിയാണ് കെ.എന്‍. ത്രിപാഠി.
സീറ്റുവിഭജന കരാര്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏഴു സീറ്റിലും ഭരണകക്ഷിയായ ജെഎംഎം അഞ്ചു സീറ്റിലും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി ഒരു സീറ്റിലും സിപിഐഎംഎല്‍ ഒരു സീറ്റിലുമാണ് മത്സരിക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും റാലിയില്‍ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് റാലിയില്‍ പങ്കെടുക്കാനാവില്ലെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേഷ് അറിയിക്കുകയായിരുന്നു. രാഹുലിനുപകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് റാലിയെ അഭിസംബോധന ചെയ്തത്.
തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും റാലിയില്‍ നിന്ന് വിട്ടുനിന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി നേതാവ് സഞ്ജയ് സിങ് എംപി,
എസ്പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്, സിപിഐ-എംഎല് നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് റാലിയില്‍ പങ്കെടുത്തത്. ഇന്‍ഡി സഖ്യത്തിന്റെ പേരിലാണ് റാലിയെങ്കിലും ജെഎംഎമ്മായിരുന്നു റാലിയുടെ മുഖ്യ സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: