കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. സമീപത്തെ തെങ്ങുകളിലേക്കും തീ പടര്‍ന്നു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് വെള്ളയില്‍ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തമുണ്ടായത്.
വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീപടരുന്ന സാഹചര്യമുണ്ടായി.
തൊട്ടടുത്തുള്ള വെള്ളയില്‍ ഫയര്‍ സ്‌റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു. മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റെത്തിയത്. എന്നാല്‍ തീപടരാന്‍ തുടങ്ങിയതോടെ കൂടുതല്‍ യൂണിറ്റെത്തിക്കേണ്ടിവന്നു. നിറയെ വീടുകളും മറ്റുമുള്ള സ്ഥലമാണിത്. മൂന്ന് യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂറോളം വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: