ന്യൂദല്‍ഹി: പഞ്ചാബില്‍ നിന്നുള്ള എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടുവും കോണ്‍ഗ്രസ് നേതാവും രണ്ടുതവണ എംപിയുമായിരുന്ന അന്തരിച്ച സന്തോഖ് സിങ് ചൗധരിയുടെ ഭാര്യയുമായ കരംജിത് കൗര്‍ ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും അംഗത്വം കൈമാറി. ഹിമാചല്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു തജീന്ദര്‍ സിങ് ബിട്ടു. പ്രിയങ്ക വാദ്രയുമായി അടുപ്പമുള്ള നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. റായ്ബറേലി ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളുടെ ചുമതലയും തജീന്ദര്‍ സിങ് ബിട്ടുവിനുണ്ടായിരുന്നു. സന്തോഖ് സിങ് ചൗധരിയുടെ മരണശേഷം നടന്ന 2023ലെ ജലന്ധര്‍ ഉപതെരഞ്ഞെടുപ്പില്‍ കരംജിത് കൗറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വിവിധ മേഖലകളിലും ജീവിതത്തിന്റെ വിവിധ വശങ്ങളിലും വികസനത്തിന്റെ ഒരു പുതിയ മാതൃക അവതരിപ്പിച്ചതായി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. ഇത് രാജ്യമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ആവേശവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നേടിയ പുരോഗതി അതിനു മുന്‍പുള്ള 60 വര്‍ഷത്തെക്കാള്‍ കൂടുതലാണ്. ഭാരതത്തിന്റെ പുരോഗതിയില്‍ അഭിമാനം കൊള്ളുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്നു നല്ല മനസുള്ള നിരവധി പേരെ ബിജെപിയില്‍ ചേരാന്‍ ഇത് പ്രേരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായാണ് തജീന്ദര്‍ സിങ് ബിട്ടുവും കരംജിത് കൗറും ബിജെപിയില്‍ ചേര്‍ന്നതെന്ന് ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം
ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ക്ക് ബിട്ടുവും കരംജിത് ചൗധരിയും നന്ദി പറഞ്ഞു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി സന്തോഖ് ചൗധരി എല്ലാ ശ്രമവും നടത്തി, ജീവന് പോലും ബലിയര്‍പ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെയും കുടുംബത്തെയും വഞ്ചിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തെ കോണ്‍ഗ്രസ് പരസ്യമായി അവഗണിച്ചു. 95 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധം നിലവിലെ നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കാരണം ഉപേക്ഷിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ഹൃദയവേദനയോടെ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി സംഭാവന നല്‍കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തജീന്ദര്‍ സിങ് ബിട്ടു പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ പഞ്ചാബ് എല്ലാ മേഖലകളിലും പിന്നാക്കം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മാത്രമേ സംസ്ഥാനത്തെ വികസനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മീഡിയ കോ-കണ്‍വീനര്‍ ഡോ. സഞ്ജയ് മയൂഖ്, പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ, രാജ്യസഭ എംപി ഹര്‍ഷ് മഹാജന്, ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: