ബെഗളുരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളജ് വിദ്യാര്‍ഥിനി ക്യാമ്പസില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കൊലപാതകത്തിന് പിന്നില്‍ ലൗ ജിഹാദാണെന്നും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെയാണ് ഇത് കാണിക്കുന്നതെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായ സംഭവമാണ് നടന്നതെന്നും ലൗ ജിഹാദ് അല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് എബിവിപി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധത്തിലാണ്.
നേഹഹിരേമത്തിന്റെ കൊലപാതകത്തില്‍ കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ കുറ്റപ്പെടുത്തി.
ദാരുണമായ സംഭവമാണ് ഉണ്ടായത്. തന്റെ മകളുടെ കൊലപാതകത്തിനു കാരണം ലൗ ജിഹാദാണെന്ന് പിതാവും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരേമത്ത് തന്നെ ആരോപിക്കുന്നു. എന്നാല്‍, ഇതിനെ പ്രണയമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ സന്ദേശ്ഖാലി അതിക്രമങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാത്തതുപോലെ, കുറ്റവാളിക്കെതിരെ നടപടിയെടുക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരും പരാജയപ്പെട്ടു.
സന്ദേശ്ഖാലിയില്‍, ബംഗാള്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനുപകരം കുറ്റവാളി ഷാജഹാന് ഷെയ്ഖിനെ സംരക്ഷിച്ചു. അതുപോലെ തന്നെ കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളി ഫയാസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കുറ്റകൃത്യത്തിന് മതമില്ലെന്നതുപോലെ തന്നെ, കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളിയെ മതം നോക്കാതെ ശിക്ഷിക്കണമെന്നും താവ്ഡെ ആവശ്യപ്പെട്ടു.
ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.സി.എവിദ്യാര്ഥിനി നേഹ ഹിരേമഠിനെയാണു (21) സഹപാഠികള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്.
നേഹയുടെ മുന്‍സുഹൃത്ത് ഫയാസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കെ.എല്‍.ഇ സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി ധാര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരേമഠിന്റെ മകളാണു മരിച്ച നേഹയാണ് (21) കൊല്ലപ്പെട്ടത്.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മുന്കാമുകന് ബെളഗാവി സ്വദേശി ഫയാസ് നേഹയെ ആക്രമിക്കുകയായിരുന്നു. പുറം കഴുത്തില്‍ നിരവധി കുത്തുകളേറ്റ നേഹയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഫയാസിനെ നേഹയുടെ സഹപാഠികളാണു പിടികൂടി പോലീസിനു കൈമാറിയത്.
പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച ഇരുവരും സൗഹൃദത്തിലായിരുന്നു. ആറുമാസം മുന്‍പു നേഹയുടെ മാതാപിതാക്കള്‍ ഫയാസിനു താക്കീതു നല്‍കിയിരുന്നു. ഇതിനുശേഷം നേഹ നിരന്തരം അവഗണിച്ചതാണു കൊലയ്ക്ക് കാരണമെന്നാണു മൊഴി.
കൊലപാതകത്തില്‍ കൂടുതല്‍ പേര്ക്കുപങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. സ്ത്രീ സമത്വം പറയുന്ന കോണ്‍ഗ്രസ് ഭരണത്തില്‍ ഇതാണ് സ്ത്രീകള്‍ നേരിടുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷയാണ് ആവശ്യം സൗജന്യങ്ങള്‍ അല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
യുവാവ് നിരന്തരമായി ശല്യം ചെയ്തിരുന്നെന്നും, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തിലാണ് തന്റെ മകളെ കുത്തിക്കൊന്നതെന്നും നേഹയുടെ പിതാവ് പറഞ്ഞു. തന്റെ മകളോട് ചെയ്ത അനീതി ഇനി ഒരു പെണ്‍കുട്ടിയോടും ഇയാള്‍ ചെയ്യരുതെന്നും, ഇതിനായി പ്രതിയെ തൂക്കിക്കൊല്ലണമെന്നും പിതാവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: