മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണം. 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും രംഗത്തെത്തി.
തിങ്കളാഴ്ച വന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് മുയിസുവിന്റെ അഴിമതിയെക്കുറിച്ചുള്ളത്. മാലദ്വീപ് മോണിറ്ററി അതോറിറ്റിയുടെ ഫിനാന്‍ഷ്യല്‍ ഇന്റലിജെന്‍സ് യൂണിറ്റും പോലീസ് സര്‍വീസും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഹസന് കുരുസി എന്ന് പേരുള്ള എക്സ് അക്കൗണ്ടില്‍ നിന്നാണ് പ്രചരിച്ചത്.
മുയിസുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 16 ഓളം തവണ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നാതായാണ് ആരോപണം. രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളുമായുള്ള ഇടപെടല്‍, തട്ടിപ്പ്, പണമിടപാടുകള്‍ മറയ്ക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉപയോഗം തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളുടെ 10 സുചകങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് ജമീല്‍ അഹമ്മദും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ആരോപണം ശക്തമായതിന് പിന്നാലെയാണ് മുയിസുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീല്‍ അഹമ്മദ് ആവശ്യപ്പെട്ടു.
തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയും ജമീല്‍ ഈ രേഖകള്‍ പങ്കുവച്ചിട്ടുണ്ട്. വികസനപദ്ധതികളുടെ മറവില്‍ മുയിസു അഴിമതി നടത്തിയിട്ടുണ്ടെന്നും, പൊതുജന സമ്പര്‍ക്കത്തിന്റെ പേരില്‍ അമിതമായ തുക ചെലവഴിച്ചതായും ജമീല്‍ ആരോപിച്ചു. വിഷയങ്ങളിന്മേല് സ്വതന്ത്ര അന്വേഷണം വേണമെന്നും ജമീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് മുയിസു രംഗത്തെത്തിയിട്ടുണ്ട്. തന്നെ എത്രത്തോളം പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും മുയിസു അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും, കാര്യങ്ങളെല്ലാം മുന്പത്തേത് പോലെ തന്നെ ആയിരിക്കുമെന്നും മുയിസു പറയുന്നു. ഈ മാസം 21നാണ് മാലദ്വീപ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 93 സീറ്റുകളിലേക്കായി 368 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: