ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഇന്ന് 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 1491 പേര് പുരുഷന്മാരും 134 പേര് സ്ത്രീകളുമാണ്. 16.63 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുക. ഇതില്‍ 8.4 കോടി പുരുഷന്മാരും 8.23 കോടി സ്ത്രീകളും 11,371 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 35.67 ലക്ഷം പേര് കന്നി വോട്ടര്‍മാരാണ്. 20-29 വയസ്സിനിടയിലുള്ള 3.51 കോടി യുവ വോട്ടര്‍മാരുണ്ട്. 41 ഹെലികോപ്റ്ററുകളും 84 പ്രത്യേക ട്രെയിനുകള്‍, ഏകദേശം ഒരു ലക്ഷം വാഹനങ്ങളും പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ യാത്രക്കായി വിനിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമുള്ള പോളിങ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 50 ശതമാനത്തിലധികം പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് നടത്തും. എല്ലാ പോളിങ് സ്റ്റേഷനുകളിലും മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. 4627 ഫ്ളൈയിങ് സ്ക്വാഡുകള്‍, 5208 സ്റ്റാറ്റിസ്റ്റിക്സ് സര്‍വൈലന്‍സ് സംഘങ്ങള്‍, 2028 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 1255 വീഡിയോ വ്യൂവിങ് ടീമുകള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കുപുറമെ നിയോഗിച്ചിട്ടുണ്ട്. 1374 അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും 162 അന്തര്‍ദേശീയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കര്‍ശനമായി നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. കടല്‍, വ്യോമറൂട്ടുകളിലും കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ വോട്ടര്‍മാരും ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി വോട്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാനും പോളിങ് സ്റ്റേഷനിലേക്ക് പോകാനുംആത്മാര്ത്ഥതയോടെയും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: