ടോക്കിയോ: കരടികളെ നിയന്ത്രിത വന്യജീവി ഇനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി ജപ്പാന്. കരടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി അവയെ വേട്ടയാടുന്നതിന് ജപ്പാന് പരിസ്ഥിതി മന്ത്രാലയം സബ്സിഡിയും പ്രഖ്യാപിച്ചു. കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള കരടികളുടെ എണ്ണത്തിലാണ് ഇവിടെ വര്‍ധന രേഖപ്പെടുത്തിയത്.
കരടികളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. 2023ല്‍ കരടികളുടെ ആക്രമണങ്ങളില്‍ റിക്കാര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. അവസാനമായി 2014ലാണ് നിയന്ത്രിത വന്യജീവി ഇനങ്ങളുടെ പട്ടിക വിപുലീകരിച്ചത്. അന്ന് മാനുകളെയും കാട്ടുപന്നികളെയുമാണ് പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്.
ഹൊക്കൈഡോ, ഹൊന്‍ഷു, ഷികോകു ദ്വീപുകളിലാണ് കരടികള്‍ കൂടുതല്‍. ഫെബ്രുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അവയെ നിയന്ത്രിത വന്യജീവി ഇനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമായത്. വേട്ടയാടലിന് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമിത വേട്ടയാടലിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ പട്ടികയിലുള്‍പ്പെടുത്തിയ മാനുകള്‍, കാട്ടുപന്നികള്‍ ഇവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരടികളുടെ പ്രജനന നിരക്ക് വളരെ കുറവാണ്. 2012ല്‍ ക്യൂഷു ദ്വീപില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ പട്ടികയില്‍ കരടികളെ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: