തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ കേരളം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ്ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നടന്ന പരിപാടിയില്‍ സംഗീത സംവിധായകന് ദര്ശന് രാമന് സിഡി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
എന്‍ഡിഎയ്ക്കും ബിജെപിക്കും വോട്ടര്‍മാരോട് പറയാനുള്ള സന്ദേശം സംഗീതത്തിന്റെ അകമ്പടിയോടെ ചിട്ടപ്പെടുത്തിയതാണ് ഈ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍. ഈ രാഷ്ട്രീയഗാനം മലയാളികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും സിഡി പ്രകാശനം നടത്തിയശേഷം പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതിനപ്പുറത്ത് ഇതിലെ ആശയം ജനങ്ങള്‍ നെഞ്ചോട് ചേര്‍ക്കാന്‍ തയ്യാറാകും. കേരളത്തില്‍ വരാന്‍പോകുന്ന രാഷ്ട്രീയമാറ്റത്തിന് ഇതിലെ വരികള്‍ നിര്‍ണായക പങ്കുവഹിക്കും. ഇതിനുപിന്നില്‍ പ്രവര്ത്തിച്ചമുഴുവന്പേര്ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിലെ ഗാനങ്ങള്‍ കേട്ടാല്‍ ഓരോ വോട്ടും ഒരായിരം വോട്ടായി മാറുന്ന തരത്തിലാണ് ഇതിലെ വരികള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സിഡി സ്വീകരിച്ചുകൊണ്ട് ദര്ശന് രാമന് പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാനപരമായ വികസനത്തിന് മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം. കേരളത്തില്‍ നിന്ന് ബിജെപിക്ക് 20 എംപിമാര്‍ ഉണ്ടാകണമെന്നും ഈ തെരഞ്ഞെടുപ്പ് അതിന്റെ ആദ്യ ചുവടുവയ്പ്പാണെന്നും ദര്ശന്രാമന് പറഞ്ഞു.
രാജീവ് ആലുങ്കല്‍ എഴുതി സജീവ് ലാല്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്ത്, ജോസ് സാഗര്‍ എന്നിവരാണ്. ഇതാ ഇതാ പുതുമുന്നേറ്റം എന്‍ഡിഎയുടെ മുന്നേറ്റം……., കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ…… തുടങ്ങി പത്തു പാട്ടുകള്‍ അടങ്ങുന്നതാണ് സിഡി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് ലീഗല്‍ സെല്‍ കണ്‍വീനറുമായ ജെ.ആര്. പത്മകുമാര്‍, വക്താവ് സന്ദീപ് വാചസ്പതി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: