കൊച്ചി: ഭൂമിയ്ക്ക് ന്യായവില നിശ്ചയിച്ചതിന് ശേഷം വിലകുറച്ച് ആധാരം രജിസ്ട്രേഷൻ നടന്നതിൽ സർക്കാരിന് വൻ നഷ്ടം. കഴിഞ്ഞ 37 വർഷത്തിനിടെ വിലകുറച്ച് ആധാരം രജിസ്ട്രേഷൻ നടത്തിയ ഇനത്തിൽ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെ നഷ്ടമായത് 790.7 കോടി രൂപയാണ്. 2,58,854 ആളുകളാണ് ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തത്. 1986-2023 കാലയളവിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
ഭീമമായ നഷ്ടം പിരിച്ചെടുക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് നടപടി ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയ ആധാരങ്ങളുടെ ഉടമകൾക്ക് ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാസർകോഡ് ജില്ലയിലാണ് ഏറ്റവും അധികം ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. 52,150 ആധാരങ്ങളാണ് ക്രമക്കേടിലൂടെ ജില്ലയിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് 51,075 ആധാരങ്ങളും തൃശൂരിൽ 33,452 ആധാരങ്ങളും ക്രമക്കേടിലൂടെ രജിസ്ട്രേഷൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലാണ്. 3,099 ആധാരങ്ങളിലാണ് ഇവിടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. 2010-ലാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത്. ഇതിന് മുമ്പ് നടന്ന രജിസ്ട്രേഷനുകളിലാണ് ക്രമക്കേടുകൾ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: