ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനു നാളെ തുടക്കം. 543 മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് നാളെ ഒന്നാംഘട്ടത്തില്‍ ജനവിധി തേടുക. ജൂണ്‍ നാലിന് വോട്ടെണ്ണും. അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പും നാളെയാണ്.
തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്, സിക്കിം, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ്. തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, അരുണാചല്‍, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ത്തന്നെ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി (നാഗ്പൂര്‍) ഉള്‍പ്പെടെ എട്ടു കേന്ദ്ര മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന് (ചെന്നൈ സൗത്ത്), ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ (കോയമ്പത്തൂര്‍), കേന്ദ്ര മന്ത്രി എല്‍. മുരുകന് (നീലഗിരി), മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് (കന്യാകുമാരി) എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റു പ്രമുഖ ബിജെപി നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ, മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം (ശിവഗംഗ), മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ് (ചിന്ദ്വാര), ഡിഎംകെ നേതാക്കളായ ദയാനിധി മാരന് (ചെന്നൈ സെന്‍ട്രല്‍), കനിമൊഴി (തൂത്തുക്കുടി) എന്നിവരും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: