കൊടകര ഉണ്ണി
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മേളപ്രമാണം ചേരാനല്ലൂര്‍ ശങ്കരന്കുട്ടന്മാരാര്ക്കുതന്നെ. കഴിഞ്ഞവര്‍ഷമാണ് ചേരാനല്ലൂര്‍ പൂരമേളത്തിന്റെ അമരക്കാരനായത്.
ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ക്ക് തന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് പൂരപ്രമാണത്തിന്റെ നിയോഗമെത്തുന്നത്. വ്യാഴവട്ടക്കാലമായി തിരുവമ്പാടിയുടെ മേളപ്രമാണിയായിരുന്ന കിഴക്കൂട്ട് അനിയന്മാരാര് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരനായ സാഹചര്യത്തിലാണ് നിലവില്‍ തിരുവമ്പാടിയുടെ രണ്ടാസ്ഥാനക്കാരനായിരുന്ന ചേരാനല്ലൂരിന് മേളപ്രമാണത്തിന് നിയോഗമായത്.
കിഴക്കൂട്ട് തിരുവമ്പാടിയുടെ മേളപ്രമാണിയായ 2011 മുതല്‍ ശങ്കരന്കുട്ടനും തിരുവമ്പാടിയുടെ മേളനിരയില്‍ രണ്ടാസ്ഥാനക്കാരനായുണ്ട്. 8 വയസ്സുള്ളപ്പോള്‍ അമ്മാവനായ ചേരാനല്ലൂര്‍ അപ്പുകുട്ടക്കുറുപ്പിന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച് ചേരാനല്ലൂര്‍ ശിവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 17 വയസ്സില്‍ പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ആദ്യപ്രമാണം. തുടര്‍ന്നിങ്ങോട്ട് മേളപ്രമാണിയായി കേരളത്തിലെ ഒട്ടനവധി ക്ഷേത്രസന്നിധികളിലെത്തി.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് കാരേക്കാട്ട് ഈച്ചരമാരാര്‍ പ്രമാണിയായ കാലത്ത് ശങ്കരന്‍കുട്ടന്‍മാരാര്‍ തിരുവമ്പാടിയുടെ മേളനിരയിലുണ്ടായിരുന്നെങ്കിലും പിന്നീട്ട് പൂരമേളം ഉപേക്ഷിക്കുകയായിരുന്നു. തിരുവേഗപ്പുറ രാമപ്പൊതുവാളുടെ ശിക്ഷണത്തില്‍ തായമ്പക ഉപരിപഠനം നടത്തി. കാരേക്കാട്ട് ഈച്ചരമാരാര്ക്കും കുറുപ്പത്ത് നാണുമാരാര്ക്കുമൊപ്പം നിരവധി മേളവേദികളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഇക്കുറി തിരുവമ്പാടിയുടെ മേളനിരയില്‍ ചെറുശ്ശേരി കുട്ടന്മാരാരില്ല. കക്കാട് രാജപ്പന്മാരാരാണ് രണ്ടാസ്ഥാനക്കാരന്. കുറുംകുഴല്‍, കൊമ്പ് , വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊമ്പത്ത് അനില്‍, ഓടക്കാലി മുരളി, തലോര്‍ പീതാംബരന്, എഷ്യാഡ് ശശി എന്നിവര്‍ പ്രമാണിമാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: