ന്യൂദല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കി ഒരു മാസം പിന്നിടുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി തെര. കമ്മിഷന്. എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നതെന്ന് കമ്മിഷന് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സുതാര്യതയും തുല്യതയും നടപ്പാക്കണമെന്നാണ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മാര്‍ഗനിര്‍ദേശം. നിയമ- ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടാനോ മറികടക്കാനോ കമ്മിഷന് ശ്രമിക്കില്ല. നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്നും കമ്മിഷന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്. ഈ വാര്‍ത്താക്കുറിപ്പ് സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണെന്നും ആദ്യമായാണ് ഇത്തരം നടപടിയെന്നും കമ്മിഷന് പറയുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ ദിവസവും നിരീക്ഷിക്കുന്നു. ഏഴ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 16 പ്രതിനിധികള്‍ മുഖ്യതെര. കമ്മിഷണറെ സന്ദര്‍ശിച്ച് മാതൃകാചട്ടലംഘനവും അനുബന്ധകാര്യങ്ങളും സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും വിവിധ സംസ്ഥാനങ്ങളിലുമായി ഇതുവരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഏകദേശം 200 പരാതികളാണ് നല്‍കിയത്. ഇതില്‍ 169 പരാതികളില്‍ നടപടി സ്വീകരിച്ചു. ബിജെപി നല്കിയ 51 ല്‍ 38 പരാതികള്‍ക്കെതിരെ നടപടിയുണ്ടായി. കോണ്‍ഗ്രസ് നല്കിയ 59ല്‍ 51 പരാതികളിലും നടപടി സ്വീകരിച്ചു. മറ്റു പാര്‍ട്ടികളില്‍ നിന്നായി ലഭിച്ച 90 പരാതികളില്‍ 80 ലും നടപടിയുണ്ടായതായും കമ്മിഷന് വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരവും കുറ്റകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായും സ്ത്രീകളുടെ അന്തസും ആദരവും സംരക്ഷിക്കുന്ന കാര്യത്തില്‍ കമ്മിഷന് ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായും ആഭ്യന്തര, പൊതുഭരണ വകുപ്പുകളുടെ ചുമതലയും ഉള്‍പ്പെടെ ഇരട്ട ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ സ്വമേധയാ നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാറ്റിനിര്‍ത്താനായിരുന്നു ഈ നടപടി. മുന്‍ തെരഞ്ഞെടുപ്പുകളിലും തെര. ഡ്യൂട്ടിയില്‍ നിന്ന് വിലക്കപ്പെട്ടതിനാല്‍ പശ്ചിമബംഗാള്‍ ഡിജിപിയെ സ്വമേധയാ നീക്കി. ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നീ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട നോണ്‍- കേഡര്‍ ഓഫീസര്‍മാരെ സ്വമേധയാ സ്ഥലംമാറ്റി. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളുമായുള്ള ബന്ധമോ കുടുംബബന്ധമോ ഉള്ള പഞ്ചാബ്, ഹരിയാന, അസം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ സ്വമേധയാ സ്ഥലംമാറ്റിയെന്നും കമ്മിഷന് വ്യക്തമാക്കുന്നു.
നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികള്‍ നല്കാന് പൗരന്മാര്ക്കായുള്ള കമ്മിഷന്റെ പോര്‍ട്ടലായ സി വിജിലില്‍ ആകെ 2,68,080 പരാതികള്‍ ലഭിച്ചു. ഇതില്‍ 2,67,762 എണ്ണത്തിന് നടപടി സ്വീകരിച്ചു. ഇതില്‍ ശരാശരി 92% പരാതികളും 100 മിനിറ്റിനുള്ളില്‍ പരിഹരിച്ചു. സി വിജിലിന്റെ ഉപയോഗം അനധികൃത ഹോര്‍ഡിങ്ങുകള്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, അനുവദനീയമായ സമയത്തിനപ്പുറമുള്ള പ്രചാരണം, അനുവദനീയമായതില്‍ കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കല്‍ എന്നിവയില്‍ ഗണ്യമായ കുറവു വരുത്തിയതായും കമ്മിഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: