തിരുവനന്തപുരം: എൻഡിഎ പണം നൽകി വോട്ട് തേടുന്നു എന്ന ശശി തരൂരിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത് കോൺഗ്രസ് നുണ രാഷ്‌ട്രീയത്തിനുള്ള ശക്തമായ താക്കീതാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നിലവിലുള്ള പാർലമെന്റംഗത്തിന്റെ കാര്യക്ഷമതയും നാടിന്റെ വികസനവും ചർച്ച ചെയ്യപ്പെടേണ്ട പൊതു തെരഞ്ഞെടുപ്പിൽ തികച്ചും സങ്കുചിതമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി വോട്ട് തേടുന്നത് കോൺഗ്രസ്- ഇടത് സഖ്യകക്ഷികളുടെ വിഷയ ദാരിദ്ര്യമാണ് കാണിക്കുന്നതെന്ന് തരൂരിനെതിരായ കമ്മീഷന്റെ നടപടിയോട് പ്രതികരിക്കവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഇത്തരത്തിലുള്ള അതിര് ലംഘനങ്ങളുണ്ടായാല്‍ അതിന് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അത് പരിഹരിക്കാനുള്ള വഴി കണ്ടെത്തുകയും അതിനുള്ള ആശയങ്ങള്‍ നടപ്പിലാക്കുകയുമാണ് രാഷ്‌ട്രീയത്തില്‍ ചെയ്യേണ്ടത്. ഇതു പറയാതെ, കഴിഞ്ഞ ഒന്നര മാസത്തോളമായി കോണ്‍ഗ്രസും സിപിഐയും സിപിഎമ്മും നുണകള്‍ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധതിരിക്കുകയും പേടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഒറ്റ ഐഡിയ എങ്കിലും ഇവര്‍ പറഞ്ഞതായി കേട്ടിട്ടില്ല. മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും അവര്‍ക്ക് പറയാന്‍ പലതുമുണ്ട്. ഇനി വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ കൂടി മാത്രമെ ബാക്കിയുള്ളൂ. തിരുവനന്തപുരത്തിന് ഒരു മാറ്റം കൊണ്ടു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഏതു പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയാലും അതിനെ കുറിച്ച് സംസാരിക്കണം. അതിനായി എന്തു പദ്ധതിയാണ് മുന്നോട്ടുവെക്കാനുള്ളതെന്നു പറയണം. കഴിഞ്ഞ 15 വര്‍ഷമായി നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയോ, എന്തുകൊണ്ട് അതു ചെയ്തില്ല എന്നതിനെ കുറിച്ചാണ് പറയേണ്ടത്. സിപിഐയും സിപിഎമ്മും എട്ടു വര്‍ഷമായി സംസ്ഥാനം ഭരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും വായ്പ എടുക്കേണ്ടി വരുന്നത്. ഇതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അതല്ലാതെ സിഎഎയെ കുറിച്ചും വോട്ടിനു കാശെന്നുമുള്ള നുണകളല്ല പറയേണ്ടത്.”
“നുണയുടെ രാഷ്‌ട്രീയം അവര്‍ എത്രത്തോളും കൊണ്ടു പോകുമെന്ന് ഞാനാദ്യമെ പറഞ്ഞതാണ്. പറഞ്ഞ നുണ തുറന്നു കാട്ടപ്പെടുമ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിഷേധിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഒരു പാറ്റേണ്‍ ആണ്. കുറെ വാഗ്ദാനങ്ങള്‍ കൊടുക്കുക, എന്നിട്ടത് നടപ്പിലാക്കാതിരിക്കുക എന്നതാണ് രീതി. വോട്ടിന് കാശ് കൊടുക്കുന്നുണ്ടെന്ന് പറയുക, ആരാണ് വാങ്ങിയതെന്ന് ചോദിക്കുമ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുക. ഇതിങ്ങനെ ആവര്‍ത്തിക്കുകയാണ്. ഇത് തരൂര്‍ രാഹുല്‍ ഗാന്ധിയിൽ നിന്ന് പഠിച്ചതാണോ, അതോ രാഹുല്‍ തരൂരിനു പഠിപ്പിച്ചു കൊടുത്തതാണോ എന്നറിയില്ല.”
65 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിക്കും 8 വർഷമായി കേരളം ഭരിക്കുന്ന സിപിഎം സർക്കാരിനും നാടിന്റെ പുരോഗതിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആ കഴിവ് കേടിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇരു മുന്നണികളും വൃഥാ ശ്രമം നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ സാധാരണ ജനങ്ങൾ അടക്കമുള്ള വോട്ടർമാർ ഇത്തരം കുത്സിത ശ്രമങ്ങൾ ഓരോ തെരഞ്ഞെടുപ്പ് വേളയിലും കണ്ടിട്ടുള്ളതാണ്. ഇനിയും ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങളിൽ പ്രബുദ്ധരായ മലയാളി വോട്ടർമാർ കുടുങ്ങുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ശശി തരൂരിന്റെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ കൈക്കൊണ്ട നടപടി തന്നെയാണ് വിമർശകർക്കുള്ള മറുപടിയെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: