ആലപ്പുഴ: കായംകുളത്ത് പ്രാദേശിക നേതാക്കളുടെ രാജിയെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിര്‍ദ്ദേശിച്ച പ്രകാരം മന്ത്രി സജി ചെറിയാന് നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ എല്‍ പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്തിയതോടെയാണ് പ്രശ്ന പരിഹാരമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ രാജി സി പി എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍ നടത്തി വിട്ടു വീഴ്ച ചെയ്തത്.
മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് അവകലോകന യോഗത്തില്‍ പ്രസന്നകുമാരി പങ്കെടുത്തു. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന് സജി ചെറിയാന് ഉറപ്പ് നല്‍കിയെന്നും അവര്‍ വെളിപ്പെടുത്തി.
സിപിഎമ്മില്‍ നിന്നുള്ള തന്റെ രാജി പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മകന് ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന് സജി ചെറിയാന് ഉറപ്പ് നല്‍കിയെന്നും പ്രസന്നകുമാരി വെളിപ്പെടുത്തി.
സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരി, മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രന് എന്നിവരാണ് രാജി വെച്ചത്. പ്രസന്നകുമാരിയുടെ മകനും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിപിന്‍ സി ബാബുവും പാര്‍ട്ടി അംഗത്വം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയുന്നതായി കത്തും നല്കി.
എംവി ഗോവിന്ദന് അയച്ച രാജിക്കത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ ഗൗരവകരമായ ആരോപണങ്ങളാണ് പ്രസന്നകുമാരി ഉന്നയിച്ചിരുന്നത്. കെഎച്ച് ബാബുജാന് വിഭാഗീയത വളര്‍ത്തുന്നു, ഇഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്തുന്നു എന്നിങ്ങനെയായിരുന്നു ആരോപണം.
പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകത്തില്‍ നിരപരാധിയായ തന്നെ പ്രതിയാക്കി എന്ന് ബിബിന്‍ സി ബാബു രാജിക്കത്തില്‍ എഴുതിയത് വന്‍ വിവാദത്തിനാണ് തീ കൊളുത്തി.ബിപിന്‍ സി ബാബുവും അമ്മ പ്രസന്നകുമാരിയും പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേരാന്‍ ചര്‍ച്ച നടത്തി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: