അദ്വാനിയുടെ പ്രസംഗം മഹാധിനിവേശന് സദസ്സ് സാകൂതം ശ്രദ്ധിച്ചിരിക്കെയാണ്: അടുത്ത തെരഞ്ഞെടുപ്പോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചത്, പതിവുപോലെ ഭാരത് മാതാ കി ജയ്, ജയ് ശ്രീരാം, അടല്‍ബിഹാരി കി ജയ് വിളികളോടെ പ്രതിനിധികള്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ബിജെപി ജയിക്കുമെന്നും, വാജ്പേയി നയിക്കുമെന്നും, വിജയിച്ചു കഴിഞ്ഞ് അടല്‍ജി പ്രധാനമന്ത്രിയാകുമെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് അടല്‍ജിയെന്നും അദ്വാനി പ്രസംഗം തുടര്‍ന്നതോടെ, ഒരു നിമിഷം, നിശ്ശബ്ദമായ സദസ്സ് അത് ആഘോഷിച്ചു. കരഘോഷവും ജയ്വിളികളുമായി പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു. മിനുട്ടുകളോളം ആഹ്ലാദാഘോഷങ്ങള്‍ നീണ്ടു.
തുടര്‍ന്ന് അടല്‍ബിഹാരിയുടെ പ്രസംഗത്തിന്റെ ഊഴമായി. വാജ്പേയി പറഞ്ഞു: ‘പ്രസംഗമൊക്കെ കേട്ടു. പക്ഷേ പ്രധാനമന്ത്രി അദ്വാനിയായിരിക്കും, ആകണം.’ അദ്വാനി തിരുത്തി, ‘പ്രഖ്യാപനം ആദ്യംകഴിഞ്ഞു. അതിനാല്‍ തിരുത്തില്ല.’ വാജ്പേയി തുടര്‍ന്നു: ‘യഹ്തോ ലഖ്നാ വി അന്താസ്. പഹ്ലേ ആപ്, നഹീ പഹ്ലേ ആപ് ഹോരഹാഹെ.’ (ഇത് ലഖ്നൗവിലെ പ്രസിദ്ധമായ ഉപചാരംപോലെയുണ്ടല്ലോ. ആദ്യം താങ്കള്‍, അല്ല ആദ്യം താങ്കള്‍ എന്ന് പറയുംമട്ടില്‍). അങ്ങനെ വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ വാജ്പേയി പ്രവര്‍ത്തകരോട് സംസാരിച്ചു.
പിന്നീട്, അദ്വാനിയോട് വാജ്പേയി പറഞ്ഞു: ‘ക്യാ ഘോഷണാ കര്ദിയാ ആപ്നേ? കം സേ കം മുഝേ സേ തോ ബാക് കര്‍നാ ധാ!’ (എന്തൊരു പ്രഖ്യാപനമാണ് താങ്കള്‍ നടത്തിയത്? എന്നോടെങ്കിലും നേരത്തേ പറയാമായിരുന്നു.) അദ്വാനി
ചിരിച്ചുകൊണ്ട് മറുപടി നല്കി. ‘ക്യാ ആപ് മാന്തേ! അഗര്‍ ഹം ആപ്സേ പൂഛ്താ ഹെ തോ!’ (അഥവാ ഞങ്ങള്‍ അങ്ങയോട് ചോദിച്ചിരുന്നെങ്കില്‍ അങ്ങ് സമ്മതിക്കുമായിരുന്നോ).
അടല്‍ജിയോട് ആലോചിക്കാതെ രണ്ടു തീരുമാനങ്ങള്‍
ബിജെപിയിലെ ഈ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ബന്ധം വേറെ പാര്‍ട്ടികളിലൊന്നും കാണാത്ത തരത്തിലായിരുന്നു; പരസ്പരപൂരകം. പ്രായത്തില്‍ ഏറെക്കുറേ സമന്മാര്; വാജ്പേയിക്ക് മൂന്നു വയസ്സ് കൂടുതല്‍. അടല്‍ബിഹാരി വാജ്പേയിയുടെ സെക്രട്ടറിയായി നിയുക്തനായ ലാല്‍കൃഷ്ണ അദ്വാനി വലംകൈയായി മാറുകയും പിന്നീട് ഇരുവരും ബിജെപിയുടെ ഇരുകൈയായിത്തീരുകയും ചെയ്തു. മറ്റു സംഘടനകളില്‍ സമപ്രായക്കാര്തമ്മില് ഉണ്ടാകാവുന്ന മേല്‍ക്കൈ നേടാനുള്ള മത്സരമോ താഴ്ത്തിക്കെട്ടാനുള്ള കുത്സിതമോ ഒന്നും അവര്‍ക്കിടയില്‍ ഉണ്ടായില്ല. ആരാണ് പാര്‍ട്ടിയുടെ ആത്മാവ്, ആരാണ് ശരീരം എന്ന് സഹപ്രവര്‍ത്തകര്‍ക്കും പറയാന്‍ പറ്റാഞ്ഞ തരം രീതികള്‍. അദ്വാനി ചിന്തിക്കുന്നത് വാജ്പേയി പറഞ്ഞു; വാജ്പേയി ചെയ്യാനുദ്ദേശിക്കുന്നത് അദ്വാനി പറഞ്ഞു. സംഘര്ഷമില്ലായിരുന്നു അവര്‍ തമ്മില്‍, സമന്വയമായിരുന്നു. എന്നാല്‍ എവിടെയും ദ്വന്ദ്വങ്ങളെ അവതരിപ്പിക്കുകയും ദ്വന്ദ്വങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ദ്വന്ദ്വങ്ങളെ കണ്ടെത്തുകയും അവര്‍ക്കിയില്‍ ദ്വന്ദ്വയുദ്ധം ഉണ്ടാവണമെന്ന് ശഠിക്കുകയും ചെയ്തവര്‍, ഇരുവരും ഒരു പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങളും ‘സ്കൂള്‍ ഓഫ് തോട്ടു’കളുടെ നേതാക്കളും ആണെന്ന് പ്രചരിപ്പിച്ചു.
പക്ഷേ, സമവായത്തില്‍ പൂരകമാകുന്ന, ‘രണ്ടെന്നു കാണുന്ന ഇണ്ടല്‍’ ഇല്ലാത്ത ‘ഒന്നാ’യിരുന്നു അവര്‍. ആദ്യമായി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ബിജെപി ദല്‍ഹി ആസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ അനുമോദന സമ്മേളനത്തില്‍ വാജ്പേയി പറഞ്ഞു: ”ബിജെപിക്ക് മുമ്പ് ഉണ്ടായിരുന്ന ജനസംഘത്തില്‍ സംഘടനയ്ക്ക് ആശയപരമായ, ആദര്‍ശപരമായ ഏത് പ്രശ്നങ്ങള്‍ക്കും അതത് കാലത്ത് ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനം നല്കിപ്പോന്നത് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ആയിരുന്നു. ഇന്ന് ബിജെപിക്ക് ദീനദയാല്‍ജിയെപ്പോലെയാണ് അദ്വാനിജി,” എന്ന്.
ഇവര്‍ പരസ്പരം കൂടിയാലോചിക്കാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നില്ല, രണ്ടു വിഷയങ്ങളില്‍ അദ്വാനി ആ പതിവ് തെറ്റിച്ചു. അതില്‍ ഒന്നായിരുന്നു, വാജ്പേയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനം. മറ്റൊന്ന് നരസിംഹറാവു ഭരണക്കാലത്ത് ജെയിന് ഹവാല ഡയറിക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എല്‍.കെ. അദ്വാനി എന്ന ചുരുക്കപ്പേരുള്ളത് എല്‍.കെ.അദ്വാനിയാണെന്ന് വാര്‍ത്ത വന്നപ്പോള്‍, പാര്‍ലമെന്റംഗത്വം രാജിവക്കുന്നുവെന്നും കേസില്‍ കുറ്റവിമുക്തനാകാതെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്വാനി പ്രഖ്യാപിച്ചത്. രണ്ടും വാജ്പേയിയോടുപോലും ആലോചിക്കാതെയായിരുന്നു.
സത്യപ്രതിജ്ഞ തീയതിയും രാജേട്ടന്റെ ആഹ്ലാദവും
വാജ്പേയി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ചുവടുവയ്പ്പായിരുന്നു ബിജെപി നടത്തിയത്. 1996 ലെ തെരഞ്ഞെടുപ്പ് ഫലവും ബിജെപിയുടെ ആദ്യ സര്‍ക്കാര്‍ രൂപീകരണവും നടന്നു. സര്‍ക്കാര്‍ ഉണ്ടാകില്ല, വീണ്ടും തെരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരിക്കെയാണ് ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സത്യപ്രതിജ്ഞയ്ക്ക് തീയതിയും സമയവും നിശ്ചയിച്ചത്. ആ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ നിന്നുള്ള പത്രം ‘ജന്മഭൂമി’ മാത്രമായിരുന്നു. ദല്‍ഹിയില്‍ ബ്യൂറോ തലവനായിരിക്കെ, പാര്‍ലമെന്ററി ബോര്‍ഡംഗമായിരുന്ന ഒ. രാജഗോപാലാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ ആ വിവരം എനിക്ക് പങ്കുവച്ചത്. ചില ഹിന്ദി പത്രങ്ങളിലും ഒരു ഇംഗ്ലീഷ് പത്രത്തിലും മാത്രമാണ്, ‘സത്യപ്രതിജ്ഞയ്ക്ക് സാധ്യത’ എന്ന തരത്തില്‍ ആ വാര്‍ത്ത വന്നത്. ‘രാജേട്ടന്്’ പാര്‍ട്ടിയുടെ ദേശീയ വൈസ്പ്രസിഡന്റ്, പാര്‍ലമെന്ററി ബോര്‍ഡംഗം എന്നീ നിലകളില്‍ ഉന്നത സമിതികളില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. സാധാരണ പാര്‍ട്ടി തീരുമാനങ്ങള്‍ ഔദ്യോഗികമായി അറിയിക്കുംവരെ, അറിഞ്ഞ വിവരം കുത്തിക്കുത്തിച്ചോദിച്ചാലും, വാര്‍ത്ത എഴുതില്ലെന്ന് ഉറപ്പു കൊടുത്താലും വിട്ടുപറയാത്തത്ര പാര്‍ട്ടി അച്ചടക്കമുള്ള ‘രാജേട്ടന്’പക്ഷേ ആ ആഹ്ലാദം അടക്കാനായില്ല. അത് കോടിക്കണക്കിന് പേരുടെ ആഹ്ലാദത്തില്‍ പ്രതീക പ്രകടനമായിരുന്നു. ഒരു ജന്മം മുഴുവന്‍ പ്രയത്നിച്ചതും പ്രവര്‍ത്തിച്ചതും ഏത് ലക്ഷ്യം സാക്ഷാത്കരിച്ചു കാണാനാണോ അത് കണ്മുന്നില് നടക്കാന്‍ പോകുന്നുവെന്ന് അറിയുമ്പോഴുണ്ടാകുന്ന ആഹ്ലാദം ആയിരുന്നിരിക്കണം അതിന് പ്രേരണയായത്.
പിറ്റേന്ന് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പാര്‍ലമെന്റ് അനക്സില്‍ ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചു. നിയുക്ത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്, പല നേതാക്കള്‍ക്കും പ്രവര്ത്തകര്ക്കെല്ലാംതന്നെയും അമ്മയുടെ സ്ഥാനത്തായിരുന്ന, രാജമാതാ വിജയരാജെ സിന്ധ്യെ, വാജ്പേയിക്ക് വിജയമാല്യം ചാര്‍ത്തി. അപ്പോള്‍ പുറത്ത് ആലിപ്പഴം പൊഴിയുകയായിരുന്നു. ആരോ ആ വിവരം രാജമാതായുടെ ചെവിയിലെത്തിച്ചു. രാജമാതാ മൈക്ക് എടുത്ത് ആഹ്ലാദാതിരേകത്താല്‍ പറഞ്ഞു; എത്രയോ ജനങ്ങളുടെ, പ്രവര്‍ത്തകരുടെ ഉള്ളില്‍ കുളര്‍മഴ പെയ്യുന്നുണ്ടാവണം ഈ ഉജ്ജ്വല മുഹൂര്‍ത്തത്തില്‍; പുറത്ത് പ്രകൃതിയും ആലിപ്പഴം പൊഴിക്കുന്നു. ഇത് ശുഭസൂചനയാണ്. മികച്ച ഈ തുടക്കത്തിന്റെ സൂചന. ബിജെപി കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലേക്ക് കടക്കുമ്പോള്‍ പ്രകൃതിയും നമുക്ക് അനുകൂലമാകുന്നു. മുംബൈയിലെ മഹാധിവേശനില് തുടങ്ങിയ ആവേശത്തിന്റെ യുക്തിഭദ്രമായ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായിരുന്നു അത്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: