വാഷിംഗ്ടണ്‍: ഇറാന്റെ ആക്രമണമുണ്ടായാല്‍ നേരിടാന്‍ സുസജ്ജമാണെന്നു ഇസ്രയേല്‍. അമേരിക്ക ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കയും ചെയ്യുന്നു.
ആര് നമ്മെ ഉപദ്രവിച്ചാലും ഞങ്ങളും അവരെ ഉപദ്രവിക്കും. ഇസ്രായേല്‍ രാജ്യത്തിന്റെ എല്ലാ സുരക്ഷാ ആവശ്യങ്ങളും പ്രതിരോധപരമായും ആക്രമണാത്മകമായും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്, ‘തെക്കന്‍ ഇസ്രായേലിലെ ടെല്‍ നോഫ് വ്യോമസേനാ താവളത്തിലെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നെതന്യാഹു വ്യക്തമാക്കി
യുഎസ് സെന്‍ട്രല്‍ കമാന്‍ഡുമായി (സെന്റ്കോം) അടുത്ത സഹകരണത്തോടെ തയാറെടുപ്പ് നടത്തിയെന്നു ഇസ്രയേലി പ്രതിരോധ സേന (ഐ ഡി എഫ്) മേധാവി ഹെര്‍സി ഹാലെവി പറഞ്ഞു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇറാന്റെ എംബസി തകര്‍ത്തു ഉന്നത സൈനിക നേതാക്കളെ ഇസ്രയേല്‍ വധിച്ച ശേഷം പ്രതികാരം ചെയ്യുമെന്ന് ഇറാന് ആവര്‍ത്തിച്ചു പറഞ്ഞതാണ് ആക്രമണം ഉണ്ടാവുമെന്ന സാധ്യത ഉയര്‍ത്തിയത്.
സംയമനം പാലിക്കാന്‍ ഇറാന്റെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പല രാജ്യങ്ങളോടും അഭ്യര്‍ഥിച്ചിട്ടുമുണ്ട്. സംഘര്‍ഷം തണുപ്പിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം ഉണ്ടായാല്‍ ഇസ്രയേലിനു ഉറച്ച പിന്തുണ നല്കുമെന്നു ബൈഡന് ഭരണകൂടം വ്യക്തമാക്കി.
‘ഇസ്രയേലിന്റെ പ്രതിരോധം ഞങ്ങളുടെ കടമയാണ്,’ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ‘ഞങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കും, പ്രതിരോധിക്കും. ഇറാന് വിജയിക്കില്ല.’
സെന്റ്കോം കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല ടെല്‍ അവീവില്‍ ഹാലെവിയും മറ്റു സൈനിക നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ യുഎസ് സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഇറാഖും അഫ്ഘാനിസ്ഥാനും കേന്ദ്രീകരിച്ചു നിന്നിരുന്ന സെന്റ്കോം മിഡില്‍ ഈസ്റ്റില്‍ ഏതു സാചര്യവും നേരിടാന്‍ സദാ സജ്ജമാണ്.
ഐഡിഎഫ് എന്തും നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു ഹാലെവി പറയുന്നു. സൈന്യത്തിന് ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിടുകയാണ് ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന് സൈന്യം പിടിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുകെ മാരിടൈം ട്രേഡ് ഓപറേഷന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.
ഹോര്‍മുസ് കടലിടുക്ക് ഇറാന് സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
അതേസമയം, മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനും ഇസ്രായേലും സന്ദര്‍ശിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്ക്ക് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെട്ടെന്നുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നാണ് ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് സന്ദേശത്തില്‍ വ്യക്തമാക്കി. പൗരന്മാര് അറസ്റ്റിലാകാനും ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും ജര്‍മ്മനി പറയുന്നു. ‘ജര്‍മ്മന്‍ പൗരന്മാര് ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുന്നതിനും ചോദ്യം ചെയ്യപ്പെടുന്നതിനും നീണ്ട ജയില്‍ ശിക്ഷകള്‍ നല്കപ്പെടുന്നതിനുമുള്ള വ്യക്തമായ അപകടസാധ്യതയുണ്ട്. ഇറാനിയന്‍, ജര്‍മ്മന്‍ പൗരത്വമുള്ള ഇരട്ട പൗരന്മാര് പ്രത്യേകിച്ചും അപകടത്തിലാണ്,’ ജര്‍മ്മനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: