പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെ ഉധംപൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ജമ്മു കശ്മീരിന്റെ വികസനം യാഥാര്‍ഥ്യമാക്കാന്‍ ജമ്മു കശ്മീരിലെ എല്ലാ സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. മോദിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
അഞ്ചുപതിറ്റാണ്ടായി താന്‍ ജമ്മു കശ്മീരിന്റെ മണ്ണില്‍ വന്നുപോകുകയാണ്. 1992ല്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ഇവിടെ എത്തിയ ഞങ്ങളെ പ്രദേശത്തെ മുഴുവന്‍ അമ്മമാരും സഹോദരിമാരും നേരിട്ടെത്തി സ്വീകരിച്ചു. ആളുകള്‍ തെരുവിലിറങ്ങി വലിയ ആദരവും അനുഗ്രഹവും നല്കി. 2014-ല്‍ മാതാ വൈഷ്ണോദേവിയെ ദര്‍ശിച്ച ശേഷം വര്‍ഷങ്ങളായി നിരവധി തലമുറകള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് ജമ്മു കശ്മീരിനെ മോചിപ്പിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് ജമ്മുകശ്മീരിലെ എല്ലാ ജനങ്ങളുടെയും ആശീര്‍വാദത്തോടെ ആ ഉറപ്പ് ഞാന്‍ നിറവേറ്റി. തീവ്രവാദം, വിഘടനവാദം, കല്ലേറ്, ബന്ദ്-സമരം, അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വെടിവയ്പ്പ് എന്നിവ തെരഞ്ഞെടുപ്പ് വിഷയങ്ങളല്ലാത്ത പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്.
മാതാ വൈഷ്ണോദേവി, അമര്‍നാഥ് തീര്ഥയാത്രകള് എങ്ങനെ സുരക്ഷിതമായി നടത്തുമെന്ന ആശങ്ക മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജമ്മു കശ്മീരിലെ സ്ഥിതി പൂര്‍ണമായും മാറി. ഇന്ന് ജമ്മുകശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിച്ചു. ജമ്മു കശ്മീരിന്റെ ഓരോ മുക്കിലും മൂലയിലും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്ന് പ്രതിധ്വനിച്ചു കൊണ്ടിരിക്കുകയാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തെരഞ്ഞെടുക്കാനുള്ളതല്ല. മറിച്ച് കേന്ദ്രത്തില്‍ ശക്തിയും സ്ഥിരതയുമുള്ള ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ളതാണ്. വെല്ലുവിളികള്‍ക്കിടയിലും അവസരത്തിനൊത്ത് ഉയരുന്ന കരുത്തുള്ള സര്‍ക്കാര്‍. 60 വര്‍ഷത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പത്തുവര്‍ഷം മുമ്പ് ഞാന്‍ ജമ്മുകശ്മീരില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. 2014-ല്‍ ഞാന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷയും പാവപ്പെട്ടവര്‍ക്ക് രണ്ടുനേരം ഭക്ഷണവും ഉറപ്പുനല്‍കി. ഇന്ന്, ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് സൗജന്യ റേഷനും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ഉറപ്പുനല്‍കുന്നു. 10 വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവും റോഡും ഇല്ലായിരുന്നു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും 75 ശതമാനത്തിലധികം വീടുകളില്‍ പൈപ്പ് ലൈനിലൂടെ വെള്ളവും ലഭിക്കുന്നു. ഡിജിറ്റല്‍ കണക്ടിവിറ്റിക്കായി വിദൂരപര്‍വതങ്ങളില്‍ പോലും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള പ്രചാരണം നടക്കുന്നു. മോദിയുടെ ഗ്യാരന്റി എന്നാല്‍ ഗ്യാരന്റി പൂര്‍ത്തീകരിക്കുമെന്ന ഗ്യാരന്റി എന്നുകൂടി അര്‍ഥമുണ്ട്.
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സര്‍ക്കാരുകള്‍ ഷാപൂര്‍-കണ്ടി അണക്കെട്ടിനെ പതിറ്റാണ്ടുകളായി നിര്‍ജീവമാക്കിയിരുന്നു. ജമ്മുവിലെ കര്‍ഷകരുടെ വയലുകള്‍ വരണ്ടുണങ്ങി. ഗ്രാമങ്ങള്‍ ഇരുട്ടിലായി. രാജ്യത്തിന്റെ അവകാശമായിരുന്ന രവി നദിയിലെ ജലം പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. അത് മടക്കി കൊണ്ടുവരുമെന്ന് മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ് നിറവേറ്റിയിരിക്കുകയാണ്. ഇത് കത്വയിലെയും സാംബയിലെയും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. ഷാപൂര്‍-കണ്ടി അണക്കെട്ട് വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ജമ്മു കശ്മീരിലെ വീടുകളില്‍ പ്രകാശമെത്തിക്കും. വികസിത ഇന്ത്യക്കായി വികസിത ജമ്മു കശ്മീര്‍ സൃഷ്ടിക്കുമെന്ന് മോദി ഉറപ്പുനല്‍കുന്നു. എന്നാല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും മറ്റെല്ലാ പാര്‍ട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ഈ കുടുംബപാര്ട്ടികളോളം മറ്റാരും ജമ്മു കശ്മീരിന് ഇത്ര നാശം വരുത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കുടുംബം, കുടുംബം, കുടുംബം എന്നാണ് അര്‍ഥമാക്കുന്നത്. അധികാരത്തിനുവേണ്ടി 370-ാം വകുപ്പെന്ന മതില് ഈ പാര്‍ട്ടികള്‍ സൃഷ്ടിച്ചു. മറ്റൊരു സംസ്ഥാനത്ത് നിന്നും ഒരാള്‍ക്കും ഇവിടെ വരാന്‍ കഴിയില്ല. അതേസമയം 370-ാം വകുപ്പ് നിലനില്ക്കുമ്പോഴേ തങ്ങളുടെ ജീവന് രക്ഷിക്കപ്പെടൂ എന്നൊരു വ്യാമോഹം ജനങ്ങളില്‍ വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ പിന്തുണയോടെയും അനുഗ്രഹത്തോടെയും മോദി 370-ാം വകുപ്പെന്ന മതില് പൊളിച്ച് അതിന്റെ അവശിഷ്ടങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടു. ആ 370-ാം വകുപ്പ് തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയപ്പാര്ട്ടെകളെയും ഞാന്‍ വെല്ലുവിളിക്കുന്നു. ജമ്മു കശ്മീരില്‍ നിന്ന് 370-ാം വകുപ്പ് നീക്കം ചെയ്താല്‍ സംസ്ഥാനം കത്തിക്കുമെന്നും ജമ്മു കശ്മീരിനെ രാജ്യത്ത് നിന്ന് വേര്പെടുത്തുമെന്നും പ്രതിപക്ഷസഖ്യത്തിലെ പാര്‍ട്ടികള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ജമ്മുകശ്മീരിലെ യുവാക്കള്‍ ഇത്തരക്കാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്പിച്ചില്ല. ഇന്ന് ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കുന്ന കപടവാഗ്ദാനങ്ങളുടെ കളി ജമ്മു കശ്മീരില്‍ നടക്കുന്നില്ല, അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. 370-ാം വകുപ്പ് എടുത്തുകളഞ്ഞതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി ചോദിക്കുന്നു. 370-ാം വകുപ്പ് എടുത്തുകളഞ്ഞത് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് തങ്ങളുടെ അവകാശങ്ങള്‍ക്കായി കൊതിക്കുന്ന ജമ്മു കശ്മീരിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നന്നായി അറിയാം. അവരുടെ സഹോദരനും മകനുമായ മോദി കശ്മീരിലെ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ നല്കി.
ജമ്മു കശ്മീരിലെ ദളിത്, വാല്മീകി, ഗട്ട ബ്രാഹ്മണ, കോലി സമുദായങ്ങളിലെ ജനങ്ങള്‍ സ്വാതന്ത്ര്യാനന്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഇന്ന് 370-ാം വകുപ്പ് നീക്കം ചെയ്തശേഷം എല്ലാവര്ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കുന്നു. ഇന്ന് കല്ലേറില്ലാത്തതിനാല് ധീരരായ സൈനികരുടെ അമ്മമാര്‍ക്ക് വിഷമിക്കേണ്ടി വരുന്നില്ല. തന്റെ കുഞ്ഞ് നാശത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ ഇന്ന് കശ്മീര്‍ താഴ്വരയിലെ ഓരോ അമ്മയും സമാധാനത്തോടെ ഉറങ്ങുന്നു. ഇന്ന് സ്കൂളുകള്‍ കത്തിക്കുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇന്ന് എയിംസ്, ഐഐടി, ഐഐഎം, ആധുനിക തുരങ്കം, വിശാലമായ റോഡുകള്‍, മികച്ച റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ജമ്മു കാശ്മീരില്‍ പുതുചരിത്രമെഴുതുകയാണ്. ജമ്മുവിലായാലും കശ്മീരായാലും ഇപ്പോഴെത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും എണ്ണം സര്‍വകാല റെക്കോര്‍ഡ് ആണ്. താഴ്വരയിലെ തലമുറകള്‍ കണ്ട സ്വപ്നം ഇന്ന് പൂവണിയുകയാണ്. താഴ്വരയിലെ ഓരോ വ്യക്തിയുടെയും സ്വപ്നം മോദിയുടെ ദൃഢസങ്കല്പമാണ്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു നിമിഷം പോലും പാഴാക്കാതെ പ്രവര്‍ത്തിക്കും. 2047 ലെ വികസിത ഇന്ത്യയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതാണ് മോദിയുടെ ഉറപ്പ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ബിജെപി ഈ പ്രദേശത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ പൂര്‍ണമായും മാറി. ഇന്ന് വൈദ്യുതിയും വെള്ളവും റോഡും എത്തിയെങ്കിലും ജമ്മു കശ്മീരിന്റെ മനസ്സ് മാറിയതാണ് ഏറ്റവും വലിയ കാര്യം. വികസനം ശരിയായി നടക്കുന്നതിനാല്‍ ജമ്മു കശ്മീര്‍ നിരാശയില്‍ നിന്ന് പ്രതീക്ഷയിലേക്ക് ഉയര്‍ന്നു. എന്നെ അഗാധമായി വിശ്വസിക്കുന്ന ജമ്മു കശ്മീരിലെ ജനം ഞാന്‍ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ പോലും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമായിരുന്നെന്ന് തിരിച്ചറിവുള്ളവരാണെന്ന് എനിക്കറിയാം. ജമ്മു കശ്മീര്‍ ഒരുപാട് മോശപ്പെട്ട ദിവസങ്ങള്‍ കണ്ടു. ഇതുവരെ താഴ്വരയില് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വലിയ വികസനമായാണ് ജനങ്ങള്‍ക്ക് തോന്നുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് വെറും ട്രെയിലര്‍. പുതിയ ജമ്മു കശ്മീരിനായി പുതിയതും മനോഹരവുമായ ചിത്രം സൃഷ്ടിക്കേണ്ടതുണ്ട്. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം വിദൂരമല്ല. ജമ്മു കശ്മീരിന് സംസ്ഥാനപദവി ലഭിക്കും. ജമ്മു കശ്മീരിലെ ജനങ്ങള്‍ അവരുടെ എംഎല്‍എമാരോടും മന്ത്രിമാരോടും അവരുടെ സ്വപ്നങ്ങള്‍ പങ്കിടും. എല്ലാ വിഭാഗത്തിലെയും പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട കമ്പനികള്‍ ജമ്മു കശ്മീരില്‍ നിക്ഷേപം നടത്തും. വിനോദസഞ്ചാരത്തിനൊപ്പം, സ്പോര്‍ട്സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജമ്മു കശ്മീര്‍ അറിയപ്പെടും.
കുടുംബത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വികസനത്തിനും പൈതൃകത്തിനും എതിരാണ്. കോണ്‍ഗ്രസ് രാമക്ഷേത്രത്തെ അത്രമാത്രം വെറുക്കുന്നു. രാമക്ഷേത്രം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയമാണെന്ന് കുറ്റപ്പെടുത്തുന്നു. എന്നാല്‍ രാമക്ഷേത്രം ഒരിക്കലും ഒരു തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. ഇന്നും അതൊരു തെരഞ്ഞെടുപ്പ് വിഷയമല്ല. ഒരിക്കലും ഒരു തെരഞ്ഞെടുപ്പ് വിഷയമാവുകയും ഇല്ല. ബിജെപിയുടെ പിറവിക്കും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തുന്നതിനും മുമ്പേ രാമക്ഷേത്രത്തിനായുള്ള പോരാട്ടം നടന്നിരുന്നു. ആ പോരാട്ടത്തിന് 500 വര്‍ഷത്തെ പഴക്കമുണ്ട്. വിദേശ ആക്രമണകാരികള്‍ നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ പോരാടി. വര്‍ഷങ്ങളായി ആളുകള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ചു. രാം ലല്ലയുടെ പ്രതിഷ്ഠാവേളയില്‍, രാം മന്ദിര്‍ ട്രസ്റ്റ് കോണ്‍ഗ്രസിന്റെ പാപങ്ങള്‍ പൊറുക്കുകയും കോണ്‍ഗ്രസ്, ഇന്‍ഡി സഖ്യനേതാക്കളെ പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഈ ക്ഷണവും കോണ്‍ഗ്രസ് നിരസിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അജണ്ട എന്താണ്? കോണ്‍ഗ്രസ്-ഇന്‍ഡി സഖ്യം ഇതിനെ തെരഞ്ഞെടുപ്പ് പ്രശ്നമായാണ് വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് ഇത് ഒരു തെരഞ്ഞെടുപ്പ് പ്രശ്നമായിരുന്നു. പക്ഷേ രാജ്യത്തിന് ഇത് വിശ്വാസത്തിന്റെ പ്രശ്നമായിരുന്നു. ഇത് ക്ഷമയുടെയും വിശ്വാസത്തിന്റെയും 500 വര്‍ഷത്തെ തപസ്സിന്റെയും വിജയത്തിന്റെയും പ്രശ്നമായിരുന്നു. ഇന്‍ഡി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളും ധാര്‍ഷ്ട്യവും രാജ്യം മുഴുവന്‍ കണ്ടതാണ്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിക്കുക എന്നത് ഇന്‍ഡി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമായിരുന്നു. രാമനെ സാങ്കല്‍പ്പികമെന്ന് വിളിച്ച് വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. കോണ്‍ഗ്രസ്-ഇന്‍ഡി സഖ്യനേതാക്കള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ വികാരം വിഷയമല്ല. ജനങ്ങളുടെ വികാരം മുറിപ്പെടുത്തുന്നത് കോണ്‍ഗ്രസ് ആസ്വദിക്കുന്നു, വിശുദ്ധ സാവന്‍ മാസത്തില്‍ അവര്‍ ഒരു കുറ്റവാളിയുടെ വീട്ടില്‍ പോയി ആട്ടിറച്ചി പാചകം ചെയ്യുന്നു. അത് വീഡിയോ എടുത്ത് പ്രചരിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കളിയാക്കുന്നു. നിയമം ആരെയും ഒന്നും ഭക്ഷിക്കുന്നതില്‍ നിന്ന് തടയുന്നില്ല. എന്നാല്‍ ഈ ആളുകള്‍ക്ക് മറ്റ് ചില ഉദ്ദേശ്യങ്ങളുണ്ട്. മുഗള്‍ ആക്രമണകാരികള്‍ ഒരു രാജാവിനെ തോല്‍പ്പിക്കുക മാത്രമല്ല ചെയ്തിരുന്നത്. അവര്‍ അവിടെയുള്ള ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതും ആസ്വദിച്ചിരുന്നു. അതുപോലെ, അതേ മാനസികാവസ്ഥയില്‍ സാവന്‍ മാസത്തില്‍ ഇത്തരം വീഡിയോകള്‍ ഉണ്ടാക്കി പൊതുജനങ്ങളെ കളിയാക്കി തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തിയെടുക്കാന്‍ ഈ ഇന്‍ഡി സഖ്യത്തിന്റെ നേതാക്കള്‍ ആഗ്രഹിക്കുന്നു. നവരാത്രി സമയത്ത് മാംസഭക്ഷണത്തിന്റെ വീഡിയോ ആര്‍ജെഡി നേതാവ് കാണിച്ചതിന് പിന്നിലെ ഉദ്ദേശം എന്തായിരുന്നു? ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി ആര്‍ജെഡി നേതാക്കള്‍ ആരെ പ്രീതിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്? ഇപ്പോള്‍ ഈ പ്രതിപക്ഷ സഖ്യനേതാക്കള്‍ എന്നെ അധിക്ഷേപിക്കും. പക്ഷേ കാര്യങ്ങള്‍ പരിധിവിട്ട് അസഹനീയമാകുമ്പോള്‍, രാജ്യത്തിന് മുന്നില്‍ യാഥാര്‍ഥ്യമെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് എന്റെ കടമയാണ്. ഇന്ന് ഞാന്‍ എന്റെ കടമ നിറവേറ്റുകയാണ്. ഈ രാജ്യത്തിന്റെ മൂല്യങ്ങളെ ആക്രമിക്കാനും വലിയൊരു വിഭാഗത്തെ അസ്വസ്ഥരാക്കാനുമാണ് ഇന്‍ഡി സഖ്യത്തിന്റെ നേതാക്കള്‍ ഇതെല്ലാം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: