സത്യം എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും ഒരുനാള്‍ പുറത്തുവരും. സത്യധര്‍മാദികളില്‍ വിശ്വസിക്കാത്തവര്‍ക്കും ഇത് ബാധകമാണ്. കായംകുളത്തെ കരീലക്കുളങ്ങരയില്‍, കളീക്കല്‍ സത്യന് എന്ന തൊഴിലാളി നേതാവ് രണ്ട് പതിറ്റാണ്ടിനു മുന്‍പ് കൊല്ലപ്പെട്ടതിനു പിന്നില്‍ സിപിഎമ്മാണെന്ന് ആ പാര്‍ട്ടിയുടെ നേതാവു തന്നെ വെളിപ്പെടുത്തുമ്പോള്‍ ഈ തത്വമാണ് ശരിവയ്ക്കപ്പെടുന്നത്. സത്യന്റെ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും, തന്നെ അതില്‍ ബോധപൂര്‍വം പ്രതിയാക്കിയതാണെന്നും സിപിഎം ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബുവാണ് ഏറ്റുപറഞ്ഞിരിക്കുന്നത്. ചേരിപ്പോരിന്റെ പിടിയിലമര്‍ന്ന ആലപ്പുഴ ജില്ലയിലെ സിപിഎമ്മില്‍നിന്ന് ബിബിന്‍ നേരത്തെ പുറത്തായിരുന്നു. പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയിലായിരുന്ന യുവനേതാവിനെ തിരിച്ചെടുത്തപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്. സത്യനെ കൊലചെയ്ത കേസില്‍ പ്രതിയാവുമ്പോള്‍ തനിക്ക് പത്തൊന്‍പത് വയസ്സായിരുന്നുവെന്നും, അറുപത്തിയഞ്ച് ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നുവെന്നും ബിബിന്‍ കത്തില്‍ പറയുന്നുണ്ട്. സാക്ഷികളെ വിലയ്ക്കെടുത്തതാണെന്നു പറയുന്നു, പാര്ട്ടിക്കാര് കുറ്റവിമുക്തരാക്കപ്പെട്ട കേസിലാണ് രാഷ്ട്രീയ ശത്രുതയുടെ പേരില്‍ ഈ കൊലപാതകം പാര്‍ട്ടി നടത്തിയതാണെന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. സിപിഎമ്മിന്റെ അലമാരയില്‍ ഇത്തരം ഒരുപാട് അസ്ഥികൂടങ്ങളുണ്ട്. അവ എപ്പോള്‍ വേണമെങ്കിലും പുറത്തുവീഴാം.
രാഷ്ട്രീയ പ്രതിയോഗികളെ ആസൂത്രിതമായി കൊന്നുതള്ളുന്നവരാണ് സിപിഎമ്മെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സിപിഎമ്മിന്റെ ചരിത്രവും പാരമ്പര്യവും അതാണ്. മാനവരാശി കണ്ട മഹാക്രൂരന്മാരായ ലെനിന്റെയും സ്റ്റാലിന്റെയും മാവോസേതൂങ്ങിന്റെയും പോള്പോട്ടിന്റെയുമൊക്കെ ചെയ്തികളില്‍ അഭിമാനിക്കുന്ന ഒരു പാര്‍ട്ടിയാണിത്. ദശലക്ഷക്കണക്കിന് നിരപരാധികളെയാണ് സ്വന്തം നാടുകളില്‍ ഈ കിരാതന്മാര് കൊന്നൊടുക്കിയത്. സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിലെ പാളിച്ചകള്‍ മാത്രമാണ് ഇതെന്ന് പറഞ്ഞ് ഈ സ്വേച്ഛാധിപതികളെ സിപിഎം എന്ന പാര്‍ട്ടി ഇന്നും ആരാധിക്കുകയാണ്. കൊലപാതകങ്ങള്‍ ഇവര്‍ക്ക് പാര്‍ട്ടി പരിപാടി തന്നെയാണ്. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ മാഹിയിലെ യു.സി. ഷമേജ്വരെയുള്ളവരുടെ കൊലപാതകങ്ങള്‍ ഇത് തെളിയിക്കുന്നു. മറ്റിടങ്ങളിലും നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. എത്രമാത്രം ആസൂത്രിതമായാണ് സിപിഎം കൊലപാതകങ്ങള്‍ നടത്തുന്നതെന്നതിനു തെളിവാണ് കണ്ണൂരിലെ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെയും വടകരയിലെ ടി.പി.ചന്ദ്രശേഖരന്റെയും നിഷ്ഠുര കൊലപാതകങ്ങള്‍. കൊല്ലുന്നവരെക്കാള്‍ പൈശാചികമാണ് കൊല്ലിക്കുന്നവരുടെ മനസ്സ്. കുറ്റബോധത്തിന്റെ തരിമ്പും ഇവര്‍ക്കില്ല. കൊലപാതകങ്ങള്‍ വിദഗ്ധമായി ആസൂത്രണം ചെയ്യുന്ന നേതാക്കള്‍ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ടവരാണ്. വാടിക്കല്‍ രാമകൃഷ്ണനെ കൊലചെയ്ത കേസിലെ പ്രതി ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ ടിപി വധക്കേസിലെ കുഞ്ഞനന്തന് വരെ ഇവരില്‍പ്പെടുന്നു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം പുതുമയുള്ളതല്ല. പക്ഷേ പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങള്‍ നടത്തിയവരും, അത് ആസൂത്രണം ചെയ്തവരുമൊക്കെ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത് അപൂര്‍വമാണ്. പുന്നപ്ര-വയലാര്‍ സമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം നിരപരാധികളായ പാവപ്പെട്ടവരെ കുരുതികൊടുക്കുകയായിരുന്നുവല്ലോ. കേരള ഗാന്ധി കെ. കേളപ്പനെ കൊലപ്പെടുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതിനെക്കുറിച്ചും, അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ അതിന് കഴിയാതെ പോയതിനെക്കുറിച്ചും സ്വാതന്ത്ര്യസമര സേനാനി കെ. മാധവനും, വിഖ്യാത ചരിത്രകാരന് എം.ജി.എസ്. നാരായണനും വെളിപ്പെടുത്തിയിട്ടുണ്ട്. കെ. കൃഷ്ണപിള്ളയെ പാര്‍ട്ടി നേതൃത്വം കൊലചെയ്തതാണെന്ന ആക്ഷേപവുമുണ്ട്. ടി.പി. വധക്കേസിലെ ഒരു പ്രതിയും പാര്‍ട്ടിക്കുവേണ്ടി നടത്തിയ കൊലപാതകത്തെക്കുറിച്ച് പോലീസിന് മൊഴി നല്കുകയുണ്ടായി. ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ് കായംകുളത്ത് കളീക്കല്‍ സത്യനെ കൊലപ്പെടുത്തിയതു സംബന്ധിച്ച വെളിപ്പെടുത്തല്‍. പുന്നപ്ര-വയലാര്‍ പാരമ്പര്യം പേറുന്ന ആലപ്പുഴയിലെ സിപിഎമ്മിന്റെ ചരിത്രം നിരവധി ദുഷ്കൃത്യങ്ങളുടെ ആകെത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാനൂരില്‍ ബോംബുകള്‍ നിര്‍മിക്കുമ്പോള്‍ സ്ഫോടനമുണ്ടായി ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സിപിഎം ഒന്നടങ്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പാര്‍ട്ടി നടത്തിയ ഒരു അരുംകൊലയുടെ രഹസ്യം നേതാവുതന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബോംബു സ്ഫോടനക്കേസില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് മുഖംരക്ഷിക്കുന്നതിനിടെയാണ് ആലപ്പുഴയിലെ നേതാവ് പാര്‍ട്ടി നേതൃത്വത്തിന്റെ മുഖംമൂടി വലിച്ചുകീറിയിരിക്കുന്നത്. ഇതിനോടൊക്കെയുള്ള ജനങ്ങളുടെ പ്രതിഷേധം ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: