വഴിയരികിലെ കാവല്‍ ദൈവമായി വാണരുളുകയാണ് ‘മൊട്ടആല്‍ മുനിയപ്പന്’. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര്ക്കു സമീപത്തെ പികെ ചളളയിലുള്ള ആല്‍മരത്തിന്റെ ചുവട്ടിലാണ് മൊട്ട ആല് മുനിയപ്പന് കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. ശ്രീകോവിലോ ചുറ്റമ്പലമോ പൂജാരിയോ ഇവിടെയില്ലെന്നുള്ളതാണ് മൊട്ട ആല് മുനിയപ്പന് കോവിലിന്റെ പ്രത്യേകത. പണ്ട് പികെ ചള്ള എന്ന ഗ്രാമപ്രദേശം മുഴുവന്‍ കൃഷി സ്ഥലങ്ങളായിരുന്നുവത്രെ. നെല്ല്, ചേമ്പ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക ധാന്യവിളകളായിരുന്നു ഇവിടെയുള്ളവരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ പലതരം ക്ഷുദ്രജീവികളുടെ നിരന്തര ശല്യം കാരണം വിളകള്‍ അപ്പാടെ നശിക്കാനും ഗ്രാമവാസികളുടെയെല്ലാം ജീവിതം ദുരിതത്തിലാകാനും തുടങ്ങി.
ദുഃ:ഖിതരായ ഗ്രാമവാസികള്‍ പ്രശ്നപരിഹാരം തേടി തൊട്ടടുത്ത ഗ്രാമത്തിലെ ജ്യോതിഷ പണ്ഡിതരെ സമീപിക്കുകയും പ്രശ്നഫലത്തില്‍ ഇവിടെയുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍ മുനിയപ്പന് കുടിയിരിക്കുന്നുണ്ടെന്നു തെളിയുകയും ചെയ്തു. രാവിലെയും വൈകിട്ടും വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചാല്‍ കാര്‍ഷികവിളകള്‍ സംരക്ഷിക്കപ്പെടുമെന്നും ഗ്രാമത്തിനു നഷ്ടപ്പെട്ട സന്തോഷവും ഐശ്വര്യവും പുനര്‍ജനിക്കുമെന്നും ജ്യോതിഷികള്‍ പ്രവചിച്ചതായും പറയപ്പെടുന്നു. അന്നുമുതലാണ് ഇവിടെയുള്ളവര്‍ കൃഷിയിറക്കും മുമ്പും വിളവെടുപ്പിനു ശേഷവും മൊട്ട ആല് മുനിയപ്പനു മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത് പതിവാക്കിയത്. മൊട്ട ആല് മുനിയപ്പന് എന്ന് പേരുവരാന്‍ മറ്റൊരു കഥ കൂടി ഇവിടെയുള്ള വിശ്വാസികള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
പണ്ടുകാലത്ത് ഈ പ്രദേശത്തുള്ളവര്‍ ആട്ടിന്‍പറ്റങ്ങളുമായി എന്നും ഇവിടെയുള്ള ആല്‍മര ചുവട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. വിശന്നുവലഞ്ഞ ആടുകള്‍ക്ക് ആല്‍മരത്തിന്റെ ഇലകളോടൊപ്പം ചില്ലകള്‍ കൂടി വെട്ടിയിട്ടു കൊടുക്കുമായിരുന്നു. ചില്ലകള്‍ ഇല്ലാതെ എന്നും മൊട്ടയായി നില്ക്കുന്നതിനാല് ഈ ആലിനെ ‘മൊട്ട’ ആല് എന്നും ഈ മരത്തിന്റെ ചുവട്ടില്‍ കുടിയിരിക്കുന്ന മുനിയപ്പന് ‘മൊട്ട ആല് മുനിയപ്പന്’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയെന്നുമാണ് കഥ.
ആര്‍ക്കും ഈ കോവിലില്‍ വന്നു വിളക്ക് കൊളുത്താം. രാവിലെയും വൈകുന്നേരവും വിളക്കു കൊളുത്തുന്ന പതിവിനു ഇതുവരെയും മുടക്കം വന്നിട്ടില്ലെന്നും വിശ്വാസികള്‍ പറയുന്നു. ചില പ്രത്യേക മാസങ്ങളില്‍ കോഴിയെയും ആടിനെയും ബലിയര്‍പ്പിച്ചുള്ള വഴിപാട് പൂജകളും നടത്താറുണ്ട്. ഇത്തരം വഴിപാടുകള്‍ ഇവിടെ നിന്ന് സ്വയം പാചകം ചെയ്തു കഴിക്കണമെന്നുമാണ് വിശ്വാസം. ഏതാണ്ട് 30 വര്‍ഷം മുമ്പാണ് ആല്‍ത്തറ ചുറ്റും കൂടുതല്‍ ഉയര്‍ത്തിക്കെട്ടിയത്. വിശ്വാസികള്‍ക്കു സുരക്ഷിതമായി തൊഴുതു പ്രാര്‍ത്ഥിക്കുന്നതിനുള്ള നടപ്പന്തല്‍ സൗകര്യവും നാട്ടുകാര്‍ ചേര്‍ന്ന് പണിതിട്ടുണ്ട്. അഭീഷ്ടകാര്യസിദ്ധിക്കു പേരു കേട്ടതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആരാധനായിടം. പ്രാര്‍ത്ഥനകള്‍ നിറവേറ്റപ്പെടുന്നതിനാല്‍ ഗ്രാമത്തിനു പുറത്തുനിന്നും മൊട്ട ആല് മുനിയപ്പന് ക്ഷേത്രത്തിലേക്കു നിരവധി വിശ്വാസികള്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: