സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി വെള്ളിയാഴ്ച അർധരാത്രി തീരാനിരിക്കെ, അവസാനമായി പിണറായി സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ പെരുംമഴയത്ത് ശയനപ്രദക്ഷിണവും നടത്തി സിപിഒ റാങ്ക് ലിസ്റ്റില്‍ അംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍.
കഴിഞ്ഞ 60 ദിവസമായി നടന്ന സമരം കൊണ്ട് ഫലമില്ലെന്ന് കണ്ടപ്പോഴാണ് 61ാം ദിവസമായ വെള്ളിയാഴ്ച അല്പം കനത്തുപെയ്ത വേനല്‍മഴ വകവെയ്ക്കാതെ റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്പിലെ റോഡില്‍ ശയനപ്രദക്ഷിണം ചെയ്തത്. സർക്കാരിന്റെ അനീതിക്ക് എതിരായ പ്രതിഷേധം തുടരണമെന്ന് സമരപ്പന്തലിൽ എത്തിയ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു.
റാങ്ക് ഹോള്‍ഡേഴ്സില്‍ ചിലര്‍ എല്‍എംഎസ് കോമ്പൗണ്ടില്‍ മറ്റൊരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി തിരുവനന്തപുരം ലോക് സഭാ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറെ കണ്ടു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത്:
The @pinarayivijayan government bears full responsibility for the crisis affecting 9,000 CPO rank holders. Even though I had highlighted their plight in an open letter to the CM on March 24th, the administration chose to ignore it. The validity of their rank list expires today!… pic.twitter.com/Qtx0YhS0OH
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) April 12, 2024
ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ ഗതികെട്ടിരിന്നപ്പോഴാണ് മഴ പെയ്തത്. പ്രതീക്ഷയുടെ അവസാന സമരം എന്നോണം പെരുമഴയത്ത് CPO ഉദ്യോഗാർത്ഥികൾ സമരം നടത്തി. രണ്ടുമാസമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്തു വരികയാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും, ശയനപ്രദിക്ഷണം നടത്തിയും ഒക്കെ സമരം ചെയ്തു. ഈ വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നിയമപരമായി താന്‍ യുദ്ധം ചെയ്യുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം എന്നാണു സമരം ചെയ്യുന്നവരുടെ ആവശ്യം. പരിഹാരം ആയില്ലെങ്കിൽ സമരം ശക്തിപ്പെടുത്താൻ ആണ് തീരുമാനം. സമരത്തിനിടെ നേരത്തെ സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന റോഡ് ഉപരോധം സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗാർത്ഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗാര്‍ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ പ്രതികരിക്കാതെ ആയതോടെ വഴിമുട്ടി നിൽക്കുകയാണ് ഇവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: