വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും വ്യക്തി ജീവിതത്തിൽ റിയാസ് ഖാൻ രസികനാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിയാസ് ഖാനെയാണ് പ്രേക്ഷകർ കാണാറ്. നടി ഉമ റിയാസാണ് നടന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു. രണ്ട് ആൺമക്കളാണ് റിയാസ് ഖാനും ഉമ റിയാസിനുമുള്ളത്. മൂത്ത മകൻ ഷാരിഖ് ഹാസൻ അഭിനയ രംഗത്ത് സജീവമാണ്. രണ്ട് മതസ്ഥരാണ് റിയാസ് ഖാനും ഉമ റിയാസും. എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെയോ വിവാഹത്തെയോ ബാധിച്ചില്ല.
മുസ്ലിം മത വിശ്വാസിയായ റിയാസ് ഖാൻ തന്റെ മതത്തിലെ വിശ്വാസങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ രസകരമായ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ റംസാൻ മാസത്തിൽ നോമ്പെടുക്കേണ്ടതില്ലെന്ന് റിയാസ് ഖാൻ പറയുന്നു. എന്റെ അമ്മയ്ക്ക് മരുന്ന് കഴിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ നോമ്പെടുക്കാൻ സാധിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ നോമ്പ് എടുക്കേണ്ടതില്ലെന്നും റിയാസ് ഖാൻ വ്യക്തമാക്കി. റിയാസിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ഭാര്യ ഉമ റിയാസ് സംസാരിച്ചു.
കല്യാണം കഴിഞ്ഞപ്പോൾ എന്നെ സംബന്ധിച്ച് എല്ലാം പുതിയതായിരുന്നു. ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ ബ്രാഹ്മണ സംസ്കാരത്തിലാണ് വളർന്നത്. പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ പൊട്ട് തൊടുകയോ കമ്മലിടുകയോ ഇല്ല. ചെറുപ്പത്തിലേ എനിക്കത് പഴക്കമായി. കല്യാണം കഴിഞ്ഞപ്പോൾ നോമ്പെടുത്തു. ഞാൻ എക്സൈറ്റഡായിരുന്നു. എല്ലാ നോമ്പുമെടുത്തു. വീട്ടുകാർക്കെല്ലാം സന്തോഷമായി. ഇദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ് താൻ നോമ്പെടുത്തതെന്നും ഉമ റിയാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: