ആലപ്പുഴ: കനല് ഒരു തരി നിലനിര്‍ത്താന്‍ സിപിഎമ്മും മണ്ഡലം തിരിച്ചുപിടിക്കാന്‍ ദേശീയ നേതാവിനെ ഇറക്കി കോണ്‍ഗ്രസും പോരാട്ടം ശക്തമാക്കിയ ആലപ്പുഴയില്‍ എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്റെ പ്രചാരണം ശക്തമായതോടെ കളം മാറി. സ്ത്രീശക്തിയുടെ പ്രതീകമായി മാറിയ ശോഭാ സുരേന്ദ്രന്റെ പോരാട്ടം മണ്ഡലത്തെ ത്രികോണ പോരിന്റെ ചൂടിലേക്ക് മാത്രമല്ല, അട്ടിമറിവിജയം നേടാനുള്ള സാധ്യതയിലേക്കും എന്‍ഡിഎയെ നയിക്കുന്നു. മണ്ഡലം ഇടതു നിലനിര്‍ത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്ന ചോദ്യം ശോഭാ സുരേന്ദ്രന് ജയിക്കും എന്ന ചര്‍ച്ചയിലേക്ക് മാറി. എന്‍ഡിഎയുടെ പരമ്പരാഗത വോട്ടുകള്ക്കതീതമായി ഇടതുവലതു മുന്നണികള്‍ കുത്തകയാക്കി വച്ചിരുന്ന സമുദായ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനും ശോഭാസുരേന്ദ്രന് ഇതിനകം കഴിഞ്ഞു.
മുന്നാക്ക, പിന്നാക്ക ഭേദമില്ലാതെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ എന്‍ഡിഎയ്ക്ക് കഴിയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുനിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് എന്‍ഡിഎയ്ക്ക് ഇവിടെ ഉള്ളത്. 2019ല്‍ ഡോ. കെ.എസ്. രാധാകൃഷ്ണന് നേടിയ 1,87,729 വോട്ടുകള്‍ വലിയ കുതിപ്പാണ് എന്‍ഡിഎയ്ക്ക് നല്‍കിയത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ വളര്‍ച്ച നിലനിര്‍ത്താനായി. മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുനില വര്‍ധിപ്പിച്ച ചരിത്രം ഉള്ള ശോഭാ സുരേന്ദ്രന് ആലപ്പുയുടെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തി കഴിഞ്ഞു. ‘ആലപ്പുഴയുടെ ശോഭയ്ക്ക് മോദിയുടെ ഗ്യാരന്റി’ എന്ന സന്ദേശം ജനം ഏറ്റെടുക്കുന്നത് ഇടതുവലതു മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ദേശീയ നേതാവെന്ന നിലയില്‍ ഏതാനും ദിവസം മാത്രം ഇവിടെ ചെലവഴിച്ചാല്‍ മതിയെന്ന വേണുഗോപാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. പരമാവധി ദിവസം മണ്ഡലത്തില്‍ തങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
2019ലെ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്ലാ തന്ത്രങ്ങളും യുഡിഎഫ് പയറ്റുന്നു. പണം വാരിയെറിഞ്ഞാണ് യുഡിഎഫ് പ്രചാരണം. കര്‍ണാടകയില്‍ നിന്നു വരെ നേതാക്കളെ പ്രചാരണത്തിനായി കോണ്‍ഗ്രസ് രംഗത്തിറക്കി കഴിഞ്ഞു. മണ്ഡലത്തിലെ മതസാമുദായിക സമവാക്യങ്ങള്‍ തുണയാകുമെന്നാണ് ഇടതു പ്രതീക്ഷ. കെ.ആര്.ഗൗരിയമ്മയെ അട്ടിമറിച്ച് തുടങ്ങിയ ആരിഫ് 2019ല്‍ പക്ഷേ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ തീവ്രസംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതും വലതും.
പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് എതിരെ ആദ്യം ശബ്ദമുയര്‍ത്തിയതിന്റെ ക്രെഡിറ്റ് ഇടതു സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നു. മദനിയെ തിരികെ കേരളത്തില്‍ എത്തിച്ചതിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് യുഡിഎഫും. ആലപ്പുഴ ബൈപ്പാസ്, മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക്, വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വികസനം, ദേശീയപാത വികസനം, അമൃത് പദ്ധതി, റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ആലപ്പുഴ വഴി വന്ദേഭാരത് ട്രെയിന്‍ തുടങ്ങി മോദി സര്‍ക്കാരിന്റെ വികസനം എണ്ണി പറഞ്ഞാണ് എന്‍ഡിഎ പ്രചാരണം. സുശീല ഗോപാലന് ശേഷം ആലപ്പുഴയ്ക്കൊരു വനിതാ ജനപ്രതിനിധി എന്നതും സജീവ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: