തിരുവനന്തപുരം: കടല്‍ത്തീരത്ത് ഇരുട്ടിന്റെ മറവില്‍ കടലാമ മുട്ടയിടാനെത്തി. വലിപ്പമുളള ആമ കടല്‍ത്തീരത്തേക്ക് എത്തി കുഴിയെടുത്ത് മുട്ടയിടുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ക്ക് അപൂര്‍വ കാഴ്ചയായി. വംശനാശ ഭീഷണിനേരിടുന്ന വര്‍ഗത്തില്‍പ്പെട്ട ഒലിവ് റിഡ്ലി വിഭാഗത്തിലുളള ആമയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ശംഖുംമുഖം കടല്‍ത്തീരത്ത് കല്‍മണ്ഡപ ഭാഗത്ത് മുട്ടയിടാന്‍ എത്തിയത്.
വലിപ്പമുളള ആമ കടല്‍ത്തീരത്തേക്ക് എത്തി കുഴിയെടുത്ത് മുട്ടയിടുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. മുട്ടയിട്ട് മടങ്ങിപോകുന്ന ആമയെ സുരക്ഷിതമായി കടലിലേക്ക് തിരികെ വിടുകയും ചെയ്തു. ഉടനെ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് ഓഫീസര്‍ അജിത് ശംഖുംമുഖത്തിനെ വിവരമറിയിച്ചു.
അജിത്തും മത്സ്യത്തൊഴിലാളികളും ആമ കുഴിയെടുത്ത നിക്ഷേപിച്ച സ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 81 മുട്ടകളാണ്. ഈ വര്‍ഗത്തിലുളള ആമകള്‍ 120 ലധികം മുട്ടകളിടാറുണ്ട്. ഇതേ തീരത്ത് മറ്റെവിടെയോ ആദ്യം കുഴിയില്‍ മുട്ടകള്‍ നിക്ഷേപിച്ച ശേഷമാകും കല്‍മണ്ഡപ ഭാഗത്തേക്ക് എത്തിയെന്നാണ് നിഗമനം.
തിരയടിച്ച് കയറുന്ന ഭാഗത്തിന് സമീപത്തായതിനാല്‍ മണ്ണൊലിപ്പില്‍ മുട്ടകള്‍ നശിച്ച് പോകാന്‍ സാധ്യത കൂടുതലാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് മുട്ടകളെ പെറുക്കി തിര കയറാത്തതും സുരക്ഷിതവുമായ ഭാഗത്തേക്ക് കുഴിച്ചിട്ട് ആള്മറയൊരുക്കി. വനംവകുപ്പ് അധികൃതരെത്തി മുട്ടകള്‍ വിരിയുന്നത് വരെയുളള സുരക്ഷിതത്വം അടക്കമുളള കാര്യങ്ങള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: