തിരുവനന്തപുരം: മലയാളത്തിലെ മികച്ച ജനകീയ ക്ലാസിക്ക് സിനിമകള്‍ സമ്മാനിച്ച പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് സംസ്കാരിക കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ച് വിടനല്‍കി. ഇന്നലെ രാവിലെ വഴുതയ്ക്കാട് ആര്‍ടെക്ക് മീനാക്ഷി ഫഌറ്റില്‍ ഭൗതിക ശരീരം എത്തിച്ചു.
ഉച്ചയോടെ അയ്യന്‍കാളി ഹാളില്‍ എത്തിച്ച ഭൗതി ശരീരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പതിറ്റാണ്ടുകളുടെ സിനിമാ ഓര്‍മകളുടെ തിരയിളക്കമായിരുന്നു ഒത്തുചേര്‍ന്നവരുടെ മനസില്‍. എല്ലാവര്ക്കും പറയാനുള്ളത് പ്രിയപ്പെട്ട ബാലന്റെ മരണമില്ലാത്ത ഓര്‍മകളും. വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ ഭൗതികദേഹം സംസ്കരിച്ചു.
ഗാന്ധിമതി ബാലന് നിര്‍മിച്ച സുഖമോ ദേവിയെന്ന ചിത്രത്തിലെ പാട്ടിന്റെ ഈണം പൊതുദര്‍ശനം നടന്ന വഴുതക്കാട്ടെ വീട്ടിലും അയ്യന്‍കാളി ഹാളിലും മുഴങ്ങി. മന്ത്രിമാരായ ജി.ആര്.അനില്‍, രാമചന്ദ്രന് കടന്നപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, രാധാലക്ഷ്മി പദ്മരാജന്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി അജോയ്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മണിയന്‍പിള്ള രാജു, ജലജ, ഗായകരായ ജി. വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍, സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത്, നിര്‍മാതാക്കളായ ജി. സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവരും ജനം ടിവി എംഡി ചെങ്കല്‍ രാജശേഖരന് നായര്‍, സൂര്യകൃഷ്ണമൂര്‍ത്തി, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ജന്മഭൂമിക്കു വേണ്ടി ചീഫ് സബ് എഡിറ്റര്‍ ആര്. പ്രദീപ് തുടങ്ങിയവരും സാഹിത്യ സാംസ്കാരിക മേഖലകളിലെ നിരവധി പേരും അന്ത്യമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: