ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത്, പിഎംഎല്‍എ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചു. കോണ്‍ഗ്രസിനും സോണിയ, രാഹുല്‍ തുടങ്ങിയവര്‍ക്കും കനത്ത പ്രഹരമാണ് കോടതി വിധി.
കള്ളപ്പണം വെളുപ്പിച്ചതില്‍ നാഷണല്‍ ഹെറാള്‍ഡിന്റെയും അതുമായി ബന്ധപ്പെട്ട കമ്പനികളുടെയും സ്വത്താണ് ഇ ഡി മുമ്പു കണ്ടുകെട്ടിയത്. ഇതു ചോദ്യം ചെയ്ത ഹര്‍ജിയാണ് പിഎംഎല്‍എ എഎ തള്ളിയത്. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച സ്ഥാവര ജംഗമ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയതെന്ന് കോടതി വ്യക്തമാക്കി. ദല്‍ഹി നാഷണല്‍ ഹെറാള്‍ഡ് ഹൗസും അതോടനുബന്ധിച്ച ഭൂമിയും മുംബൈയിലും ലഖ്നൗവിലും മറ്റു ചിലയിടങ്ങളിലും നാഷണല്‍ ഹെറാള്‍ഡിന്റെ പേരിലുള്ള വസ്തുവകകളും ഇനി വിചാരണക്കോടതിയുടെ അന്തിമ തീരുമാനം വന്നാല്‍, ഇ ഡിക്കു പിടിച്ചെടുക്കാം. അസോഷ്യേറ്റഡ് ജേര്‍ണല്‍സ് ലിമി. എന്ന കോണ്‍ഗ്രസ് കമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡ് നടത്തിയിരുന്നത്. പിന്നീട് അതു പൂട്ടി. കോടാനുകോടികളുടെ സ്വത്ത് കമ്പനിക്കുണ്ട്.
രാഹുല്‍, സോണിയ, മോട്ടിലാല്‍ വോറ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടക്കം ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ പത്രം പുനഃപ്രസിദ്ധീകരിക്കാമെന്നു പറഞ്ഞ് യങ് ഇന്ത്യന്‍ എന്ന കമ്പനി തട്ടിക്കൂട്ടി 2010ല്‍ നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കുകയായിരുന്നു. സോണിയയ്ക്കും രാഹുലിനും കൂടി കമ്പനിയില്‍ 76 ശതമാനം ഓഹരിയുണ്ട്.
ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ് ഇതു ചോദ്യം ചെയ്ത് 2012ല്‍ ഹര്‍ജി നല്കിയതും ഇ ഡി അടക്കമുള്ള ഏജന്‍സികളെ സമീപിച്ചതും. 2023 നവംബര്‍ 21ന് ഇ ഡി നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടിയുടെ സ്വത്ത് താത്കാലികമായി കണ്ടുകെട്ടിയിരുന്നു. ഇതു മേല്‍ക്കോടതി ശരിവച്ചു. രാഹുല്‍, സോണിയ, മോട്ടിലാല്‍ വോറ, ഖാര്‍ഗെ തുടങ്ങിയവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: