പുനരുപയോഗ ഊര്‍ജ്ജ നിര്‍മ്മാണരംഗത്ത് ഇന്ത്യയെ കരുത്തുള്ള ശക്തിയാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പകരം ഇന്ത്യയ്ക്കുള്ളില്‍ തന്നെ നിര്‍മ്മിക്കുന്ന പ്രത്യേക ഗുണനിലവാരങ്ങളോടെയുള്ള സോളാര്‍ മൊഡ്യൂളുകള്‍ തന്നെ ഉപയോഗിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്.
ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സോളാര്‍ ഫോട്ടോവോള്‍ട്ടിക് സെല്ലുകളുടെ മോഡലുകളുടെയും അതുല്പാദിപ്പിക്കുന്ന കമ്പനികളുടെയും അംഗീകൃത ലിസ്റ്റ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. ഏപ്രില്‍ ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വന്നിരിക്കുകയാണ്. എങ്കിലും ഈ ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോട്ടോ വോള്‍ട്ടിക് സെല്ലുകള്‍ക്ക് ചൈനയിലെ ഒന്നാം തട്ടിലുള്ള ഉല്പാദകരുടെ ഉല്പന്നങ്ങളോട് കിടപിടിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഫോട്ടോ വോള്‍ട്ടിക് സെല്‍ ഉല്പാദനത്തില് കാര്യമായ കപാസിറ്റിയില്ല. ഗുണനിലവാരവും കുറവാണ്. ഇതെല്ലാമാണ് ആശങ്കകള്‍ക്ക് കാരണം. സബ്സിഡി നിരക്കില്‍ നടപ്പാക്കുന്ന പിഎം കുസും, പിവി റൂഫ് ടോപ് എന്നിവയ്ക്കും പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ സോളാര്‍ ഫോട്ടോവോള്‍ട്ടിക് സെല്‍ നിര്‍മ്മാണക്കമ്പനികള്‍ ഇന്ത്യയില്‍ തന്നെ ഉയര്‍ന്നുവരികയാണ്. ഭാവിയില്‍ ഇന്ത്യയെ പുനരുപയോഗ ഊര്‍ജ്ജരംഗത്തെ ആഗോളശക്തിയാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് മോദി സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യയെ വട്ടംകറക്കാന്‍ പോളി സിലിക്കോണ്‍ കയറ്റുമതിയില്‍ കുറവ് വരുത്തി ചൈന
ഇതോടെ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വിഭവമായ പോളി സിലിക്കോണിന്റെ കയറ്റുമതിയില്‍ കര്‍ശനനിയന്ത്രണം വരുത്തിയിരിക്കുകയാണ് ചൈന. ലോകത്തേക്ക് മുഴുവന്‍ വിതരണം ചെയ്യുന്ന പോളി സിലിക്കോണുകളില് 90 ശതമാനം ചൈനയുടെ കൈകളിലാണ്.
സൗരോര്‍ജ്ജത്തിന് വേണ്ട മൊഡ്യൂളുകള്‍, സെല്ലുകള്‍, വേഫറുകള്‍, സോളാര്‍ ഗ്ലാസുകള്‍ എന്നിവയെല്ലാം ഇന്ത്യ ചൈനയില്‍ നിന്നാണ് ഇതുവരെ ഇറക്കുമതി ചെയ്തിരുന്നത്. വിലക്കുറവും ഗുണനിലവാരവും തന്നെയായിരുന്നു ചൈനയില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോട്ടോവോള്‍ട്ടിക് സെല്ലുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയുടെ ഗുണനിലവാരം കുറവാണ്. അതുപോലെ ചൈനയുടേത് പോലെ വിലക്കുറവിന് ഇവ നിര്‍മ്മിക്കാനും ഇന്ത്യയ്ക്ക് സാധിക്കുന്നില്ല.
ഇന്ത്യയിലെ പ്രധാന സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ ഇവരാണ്. അദാനി ഗ്രീന്‍, സാത്വിക് ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, വാരി എനര്‍ജീസ്, ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്, വിക്രം സോളാര്‍, ലൂം സോളാര്‍, റിന്യൂസിസ് സോളാര്‍, ഗോള്‍ഡി സോളാര്‍, ഇന്‍സൊലേഷന്‍ എനര്‍ജി, പിക്സണ് എനര്‍ജി എന്നിവയാണ് പ്രധാന 10 കമ്പനികള്‍. ഇവരുടെ ഭാവി നീക്കങ്ങളാണ് ഇന്ത്യയെ യഥാര്‍ത്ഥ സൗരോര്ജ്ജശക്തിയാക്കാന് കഴിയുമോ എന്ന് തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: