രാത്രി വൈകി വിദൂരസ്ഥലത്തേക്ക് എത്താന്‍ ലാസ്റ്റ്ബസ് അല്ലെങ്കില്‍ അവസാന വണ്ടി കാത്തുനില്ക്കുന്ന യാത്രക്കാരന്റെ സ്ഥിതിയിലാണ് കേരള സമൂഹം. രാഷ്ട്രീയം വികസനത്തിന്റെയും ദേശീയതയുടെയും നല്ലവശങ്ങളെ കീഴ്പ്പെടുത്തിയതു മൂലം ദേശീയധാരയില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കേരളത്തിന് ഈ തെരഞ്ഞെടുപ്പ് അവസാന വണ്ടിയാണ്. ഇതില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ ഭാവി തീര്‍ച്ചയായും ചോദ്യചിഹ്നമാകും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രമാത്രം അഴിമതിയും സ്വാര്‍ത്ഥതയും വര്‍ഗീയ താല്പര്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവും നിര്‍ണായകമാവുകയും സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ലവലേശം മര്യാദയില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
കേരളത്തിലെ ഭരണസംവിധാനം പൂര്‍ണമായും പാര്‍ട്ടിക്കും പാര്‍ട്ടി സംവിധാനത്തിനും പാര്‍ട്ടി പോഷക സംഘടനകള്‍ക്കും വേണ്ടി മാത്രമാക്കി സിപിഎം മാറ്റിക്കഴിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും സര്‍വ്വസാധാരണമായിരിക്കുന്നു. ഇതിനെതിരെ പ്രതികരിച്ചാല്‍ സ്വന്തം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സിപിഎം സംജാതമാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അനിതയ്ക്ക് സംഭവിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ സ്ത്രീക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് അനിത സിപിഎം നേതാക്കളുടെ കണ്ണിലെ കരടായത്. പ്രതികള്‍ സിപിഎം യൂണിയന്കാരായതുകൊണ്ട് അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന തിട്ടൂരം അംഗീകരിക്കാത്തതാണ് നിലപാട് സ്വീകരിക്കാന്‍ കാരണം. അതിജീവിതയ്ക്ക് അനുകൂലമായ മൊഴി മാറ്റി പറയാത്തതുകൊണ്ടാണ് അനിതയെ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് ഉത്തരവിട്ട ആരോഗ്യവകുപ്പ് ഡയറക്ടര്‍ മേല്‍നോട്ടക്കുറവ് ഉണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം.
സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് ഉണ്ടായിട്ടും അനിതയെ നിയമിക്കാതെ വൈകിച്ചത് ആരോഗ്യ മന്ത്രിയുടെ അറിവോടെയായിരുന്നു. അനിത സത്യഗ്രഹം ഇരിക്കുകയും പൊതുസമൂഹത്തില്‍ വന്‍ ചര്‍ച്ചയായി സംഭവം മാറുകയും ചെയ്തപ്പോഴാണ് സ്ഥലംമാറ്റം നല്കി പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യ മന്ത്രി തയ്യാറായത്. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കി എന്നതിനേക്കാള്‍ സത്യം മറച്ചുവെക്കാന്‍ അനിത തയ്യാറായില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. അതിനെ അഭിമാനത്തോടെ കാണാനും അവരെ സംരക്ഷിക്കാനും തയ്യാറാകേണ്ട മന്ത്രി അവര്‍ക്ക് തൊഴില്‍ നിഷേധിക്കാനും അവരെ പീഡിപ്പിക്കാനും ശ്രമിക്കുമ്പോള്‍ എന്ത് സ്ത്രീസംരക്ഷണമാണ് സിപിഎമ്മും ഇടതുപക്ഷവും പൊതുസമൂഹത്തിനുമുന്നില്‍ വയ്ക്കുന്നത്? ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് തന്നെ സരിത കേസിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു. സിപിഎംകാര്‍ക്ക് പീഡനം ആകാം. മെഡിക്കല്‍ കോളജിലും ഐസിയുവിലും പീഡനം നടത്തിയവരെ രാഷ്ട്രീയത്തിന്റെ പേരില്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നെറികേടിന്റെ പേര് സ്ത്രീസംരക്ഷണം എന്നാണെങ്കില്‍ മന്ത്രി വീണാ ജോര്‍ജിന് അതിന് പ്രത്യേക പുരസ്കാരം നല്‍കേണ്ടതുണ്ട്.
പാനൂരിലെ ബോംബ് സ്ഫോടനവും അറസ്റ്റും ഈ വഴിയില്‍ തന്നെ കാണേണ്ടതാണ്. പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബോംബ് ഉണ്ടാക്കിയത് ഏതായാലും വെടിക്കെട്ട് നടത്താനല്ല, എതിര് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് വേളയില്‍ ഉപയോഗിക്കാനാണ് എന്നകാര്യത്തില്‍ സംശയമില്ല. പാനൂരില്‍ കുന്നോത്ത് പറമ്പ് മുറിയാതോട്ടില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഷെറിന് എന്ന സിപിഎം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാതെ മറ്റാരുമില്ലാത്ത ഈ സ്ഥലത്ത് ബോംബ് നിര്‍മ്മാണം പാര്‍ട്ടിക്ക് വേണ്ടി മാത്രം ചെയ്യുന്ന ഗൗരവമായ കാര്യമാണെന്ന് സിപിഎം നേതൃത്വത്തിനും അറിയാം. എല്ലാകാലവും പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ് അവിടെ ബോംബ് നിര്‍മ്മാണം നടന്നിട്ടുള്ളത്. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റലിജന്‍സ് പോലീസ് വ്യക്തമായ സൂചന നല്‍കിയതാണ്. പക്ഷേ കേരള പോലീസ് നടപടി സ്വീകരിച്ചില്ല. അതിന്റെ കാരണമാണ് അറിയേണ്ടത്. ബോംബ് നിര്‍മ്മാണം സംബന്ധിച്ച ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് വന്നിട്ടുണ്ടോ എന്നകാര്യം പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓര്‍മ്മയില്ല. മുഖ്യമന്ത്രിക്ക് പല കാര്യങ്ങളിലും ഇങ്ങനെ തരംപോലെ ഓര്‍മ്മക്കുറവ് വരുന്നുമുണ്ട്. സെലക്ടീവ് അംനേഷ്യ എന്ന രോഗമാണ് ഇതെന്ന് തോന്നുന്നു. ചില പ്രത്യേക കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുന്നില്ല. സ്വന്തം പാര്ട്ടിക്കാര് ബോംബ് ഉണ്ടാക്കുന്നത്, സ്വന്തം മകളുടെ പേരില്‍ ചില സ്വകാര്യ കമ്പനിക്കാര് കാര്യസാധ്യത്തിനായി പണം കൊടുക്കുന്നത് തുടങ്ങി പല കാര്യങ്ങളിലും ഇത്തരം ഓര്‍മ്മക്കുറവുണ്ട്. ഭരണസംവിധാനം സിപിഎം എങ്ങനെ കയ്യാളുന്നു എന്നതിന്റെ സൂചനയാണിത്.
വ്യാപകമായ ചര്‍ച്ചയെ തുടര്‍ന്ന് കേരള പോലീസ് പ്രതിക്കൂട്ടില്‍ ആയപ്പോഴാണ് കണ്ണൂരില്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. പാനൂരില്‍ നിന്നുതന്നെ സ്ഫോടനം നടന്നതിനടുത്തു നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പാനൂരിലെ ബോംബ് നിര്‍മാണത്തില്‍ 10 പേരുണ്ടായിരുന്നുവെന്നും പരിക്കേറ്റ വിനീഷും ഷിജാല്‍ എന്ന ആളുമാണ് ഇതിന്റെ സൂത്രധാരകരെന്നുമാണ് പോലീസ് വിലയിരുത്തല്‍. ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ വന്‍തോതില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നു എന്ന സംഭവം പോലീസ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അന്വേഷിക്കാതെ പോയതിന്റെ കാരണം ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി വ്യക്തമാക്കേണ്ടതല്ലേ? റിപ്പോര്‍ട്ട് പ്രതിദിന മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ലഭിച്ചിട്ടും പോലീസ് പ്രതികരിക്കാതിരുന്നതാണ്. സിപിഎംകാരന് ആണെങ്കില്‍ പോലും ഒരു മനുഷ്യന്, ഒരു യുവാവ് മരണപ്പെട്ടതിന്റെയും നിരവധി പേര്‍ക്ക് പരിക്കേറ്റതിന്റെയും കാരണം ബോംബ് നിര്‍മ്മാണം മാത്രമല്ല, എന്ത് അതിക്രമം നടന്നാലും അന്വേഷിക്കാനോ നടപടിയെടുക്കാനോ സിപിഎംകാര്‍ക്കെതിരെ പ്രതികരിക്കാനോ കഴിയാത്ത നിലയിലേക്ക് പോലീസ് മാറിയിരിക്കുന്നു. ഇതാണ് സിപിഎം സംഘടനാ സംവിധാനം ഭരണസംവിധാനത്തെ എങ്ങനെ നിര്‍ജീവമാക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഉദാഹരണം.
മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യങ്ങളില്‍ പൂര്‍ണമായും മൗനം ദീക്ഷിക്കുകയാണ്. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ സഖാക്കള്‍ ഒരു പാവം വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലും പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല എന്നുപറഞ്ഞ് കൈകഴുകാനാണ് ശ്രമം. പൂക്കോട്ട് നടന്നത് റാഗിംഗ് അല്ല, റാഗിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ വരുമ്പോഴേ നടക്കാറുള്ളൂ, സീനിയര്‍ വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ട വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ചത് റാഗിങ്ങായി കാണാനും കഴിയില്ല. ഈ കൊലപാതകത്തിലും പാര്‍ട്ടി സംവിധാനം ഉപയോഗപ്പെടുത്തി പ്രതികളെ രക്ഷിക്കാനും കേസ് തേച്ചുമായിച്ച് കളയാനുമാണ് സിപിഎം ശ്രമിച്ചത്. സിപിഎം സംഘടനാ സംവിധാനം ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും സിബിഐ അന്വേഷണത്തിന്റെ ഫയലുകള്‍ വെച്ച് താമസിപ്പിക്കാനും അന്വേഷണം മുടക്കാനും ആരെങ്കിലും ശ്രമിക്കുമായിരുന്നോ? പാര്‍ട്ടി സംവിധാനം ഭരണത്തിന്റെ നാനാ മേഖലകളിലും എല്ലാ അഴിമതികളിലും അനീതികളും എങ്ങനെയാണ് തേരട്ട പിടിക്കുന്നത് പോലെ പിടിക്കുന്നത് എന്ന് കാട്ടിത്തരുന്നതാണ് ഈ സംഭവവും.
മുഖ്യമന്ത്രി പിണറായി വിജയന് ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ ഇടതുമുന്നണിക്ക് രക്ഷപ്പെടാം എന്നാണ്. കേന്ദ്രം അംഗീകരിച്ച സിഎഎ നിയമത്തിന് മുസ്ലീങ്ങളുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും മുസ്ലിം പൗരന്മാരെ ബാധിക്കുമെന്ന തരത്തില്‍ പ്രചാരണം നടത്തി ഇസ്ലാമിക വോട്ടുകള്‍ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് ഫണ്ടിനായി ഇലക്ട്രല്‍ ബോണ്ട് നടപ്പാക്കിയതിനെതിരെ ഘോരഘോരം പ്രസംഗിച്ച സിപിഎം, ബോണ്ട് വാങ്ങി എന്ന് മാത്രമല്ല സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് മോഷ്ടിച്ച പണം മുഴുവന്‍ സിപിഎമ്മിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കൂടി കണ്ടെത്തിയതോടെ പൂര്‍ണമായും പ്രതിരോധത്തില്‍ ആയിരിക്കുന്നു. കരുവന്നൂരില്‍ നിന്ന് സഹകരണ മേഖലയെ തകര്‍ത്തു കൊള്ളയടിച്ച പണം സിപിഎമ്മിന്റെ പ്രവര്‍ത്തനത്തിനായി ദേശീയതലം വരെ എത്തി എന്ന് മനസ്സിലാക്കുമ്പോഴാണ് കേരളത്തിലെ സിപിഎമ്മിന്റെ കൊള്ളയുടെ വ്യാപ്തി മലയാളികള്‍ മനസ്സിലാക്കുക. കേരളത്തിലെ സിപിഎം കേരളത്തില്‍ മാത്രമേ ഉള്ളൂ എന്ന് കരുതി ഒരു ചെറിയ പരല്‍മീന്‍ അല്ല. ചൈന അടക്കമുള്ള ഇന്ത്യാവിരുദ്ധ ശക്തികളോട് ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍കാല ചെയ്തികള്‍ മുഴുവന്‍ ഭാരതത്തെ ഒറ്റിക്കൊടുത്ത് പണം പറ്റുന്നതാണ്. അടുത്തിടെ ബ്രിട്ടീഷ് പുരാരേഖാ വകുപ്പ് ഡി ക്ലാസിഫൈ ചെയ്ത രേഖകള്‍, റഷ്യയുടെ മുന്‍ സ്ഥാനപതി എഴുതിയ പുസ്തകത്തിലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇവയൊക്കെ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭാരതത്തെ വിറ്റ് എങ്ങനെ പണം പറ്റി എന്ന് വ്യക്തമായ രേഖകളും തെളിവുകളും പുറത്തുകൊണ്ടു വരുന്നതാണ്.
മാധ്യമങ്ങള്‍ കാര്യമായി ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്ത കൂടി കഴിഞ്ഞദിവസം വന്നിരുന്നു. വ്യാജ നിര്‍മ്മിതിയിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള ബൃഹത്തായ പദ്ധതി ചൈന തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഈ വര്‍ഷം 64 രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നുണ്ടെങ്കിലും ഈ മൂന്നു രാജ്യങ്ങളെയാണ് ചൈന ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മുന്നറിയിപ്പിനെ ചെറുതായി കാണാനാവില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അതിശക്തമായ ഒരു ഭരണസംവിധാനം നിലവില്‍ വരുന്നത് ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് ചൈനയെയും അവരുടെ സഖ്യകക്ഷികളെയും അവര്‍ക്കുവേണ്ടി ഭാരതത്തില്‍ വിടുപണി ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയുമാണ്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ നിര്‍മ്മിതികള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും എതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. വികസനത്തിന്റെയും കരുതലിന്റെയും ഒരു പുതിയ സംസ്കാരത്തിലേക്കാണ് നരേന്ദ്രമോദി ഇന്ന് ഭാരതത്തെ നയിക്കുന്നത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന് ഇത്രയേറെ വില വന്ന മറ്റൊരു ഭരണകാലം ആധുനിക കാലത്ത് ഉണ്ടായിട്ടില്ല. ഈ വികസനത്തിനും വളര്‍ച്ചയ്ക്കും ഒപ്പം നിന്ന് ക്ഷേമരാഷ്ട്രം എന്ന നിലയിലേക്ക് വളരണമോ എന്ന് കേരളത്തിലെ പൊതുസമൂഹം ചിന്തിക്കേണ്ട കാലം ആയിരിക്കുന്നു. ഈ 26 ന് പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി കേരളത്തിലെ പൊതുസമൂഹം ചിന്തിക്കണം. ഇല്ലെങ്കില്‍ ഈ അവസാന ബസ്സും നമുക്ക് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: