ബസ്തര്‍ ആവേശത്തിലാണ്. വറുതിയുടെയും നക്‌സല്‍ ഭീകരഭീഷണിയുടെയും വനമേഖലയിലെ മതംമാറ്റ നീക്കങ്ങളുടെയും വെല്ലുവിളികളെ മറികടന്ന് കുതിക്കാന്‍ തുണയായവന് വോട്ട് തേടി ഒരു നാട് മുഴുവന്‍ രംഗത്തുണ്ട്. മഹേഷ് കശ്യപ്
ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ ബസ്തര്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന രാഷ്‌ട്രീയനിരീക്ഷകരുടെ അഭിപ്രായം ശരിവയ്‌ക്കുകയാണ് വനമേഖലയിലെ ഗ്രാമീണ ജനത.
മഹേഷ്ജി രാഷ്‌ട്രീയക്കാരനല്ല. സര്‍പഞ്ചാണ്. ഗ്രാമത്തിന്റെ നായകന്‍. അതിനുമപ്പുറം സര്‍പഞ്ചുകളുടെ നായകനും. ഓരോ ഊരിലെയും ഓരോ കൂരയിലും മഹേഷ്ജി എത്തിയിട്ടുണ്ട്. ഞങ്ങളെ പേര് വിളിച്ച് സംസാരിക്കാനുള്ള പരിചയമുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ അവസരമൊരുക്കിയത് മഹേഷ്ജിയാണ്. ഏകല്‍ വിദ്യാലയങ്ങള്‍ തുറന്നത് അദ്ദേഹമാണ്. ഞങ്ങള്‍ക്ക് മാത്രമല്ല, ഞങ്ങളുടെ ദൈവങ്ങള്‍ക്കും കൂരയൊരുക്കിത്തന്നത് അദ്ദേഹമാണ്. മഹേഷ്ജി വിജയിക്കേണ്ടത് ബസ്തറിന്റെ ആവശ്യമാണ്, ഗ്രാമവാസികള്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചതോടെ ഗ്രാമങ്ങളില്‍ ഉത്സാഹമിരട്ടിച്ചു. ബിജെപി എസ്ടി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റായ മഹേഷ് കശ്യപ് ബസ്തറിലെ സര്‍പഞ്ച് സംഘത്തിന്റെ അധ്യക്ഷനുമാണ്. നക്‌സല്‍ ഭീകരതയില്‍നിന്ന് ജനങ്ങളെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് എനിക്ക് ജനസേവനമാണ്. ജയവും തോല്‍വിയും വിഷയമല്ല. ബസ്തറിലെ ഗോത്രമേഖലയില്‍ മതംമാറ്റ ശക്തികളുണ്ടാക്കിയ വിനാശം ചെറുതല്ല. ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന വിധത്തിലാണ് ഈ പ്രവര്‍ത്തനം. ബസ്തറിലെ ദന്തേശ്വരി ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രചാരണത്തിനിറങ്ങിയ മഹേഷ് കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിലെ ദീപക് ബൈജ് നിലവില്‍ ബസ്തറിലെ എംപി. ദീപക് ബൈജ് ബസ്തറില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നടത്തിയ അഴിമതി നിറഞ്ഞ, വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പറഞ്ഞ് ജനങ്ങളോട് വോട്ട് ചോദിക്കുകയും ചെയ്യും, മഹേഷ് പറഞ്ഞു.
കോണ്‍ഗ്രസ് ഒരു വെല്ലുവിളിയല്ല. ബസ്തറിലെ നക്സല്‍ പ്രശ്നങ്ങള്‍ക്കിടയില്‍ ഗ്രാമീണ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് വെല്ലുവിളി, അദ്ദേഹം പറഞ്ഞു.
1996 മുതല്‍ 2001 വരെ ബജ്റംഗ്ദളിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്നു മഹേഷ് കശ്യപ്.
2001 മുതല്‍ 2007 വരെ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സംഘടനാ സെക്രട്ടറി. 2007-08 വരെ വിഭാഗ് സംഘടനാസെക്രട്ടറി. 2014 മുതല്‍ 2019 വരെ, കല്‍ച്ച ഗ്രാമപഞ്ചായത്ത് സര്‍പഞ്ച്. ബസ്തര്‍ സര്‍പഞ്ച് അസോസിയേഷന്‍ പ്രസിഡന്റ്, ഛത്തീസ്ഗഡ് സര്‍പഞ്ച് മഹാസംഘിന്റെ കോ-കണ്‍വീനറും ഭാത്ര സോഷ്യല്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ഡിവിഷണല്‍ സെക്രട്ടറി, ബസ്തര്‍ കള്‍ച്ചറല്‍ സെക്യൂരിറ്റി ഫോറത്തിന്റെ ഡിവിഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഛത്തീസ്ഗഡ് സര്‍വ വനവാസി സമാജം വൈസ് പ്രസിഡന്റ്… ബസ്തറിന്റെ മനസ് പണ്ടേ കീഴടക്കിയാണ് മഹേഷ് കശ്യപ് ഇപ്പോള്‍ ലോക്‌സഭാ പോരിനിറങ്ങുന്നതെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: