ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ദല്‍ഹിഹൈക്കോടതി റദ്ദാക്കി. കുറ്റം ചെയ്തതായി തെളിവുകള്‍ ഉണ്ടെന്നും എല്ലാവര്ക്കും തുല്യനീതിയേ നല്‍കാനാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അരവിന്ദ് കെജ്രിവാള് ജയിലില്‍ തുടരും. ദല്‍ഹി മദ്യനയത്തിലെ അഴിമതിയെ തുടര്‍ന്നാണ് മാര്‍ച്ച് 21 ന് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
ദല്‍ഹിയിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള് കൈക്കൂലി ആവശ്യപ്പെട്ടെന്നും 100 കോടി രൂപ വാങ്ങിയെന്നും അതില്‍ ഒരു പങ്ക് ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയെന്നും ഇഡി തെളിവുകള്‍ സഹിതം കോടതിയില്‍ വാദിച്ചിരുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പു സാക്ഷികളായവര്‍ അരവിന്ദ് കെജ്രിവാള് കൈക്കൂലി വാങ്ങിയെന്ന് മൊഴിനല്‍കിയിരുന്നു. ആം ആദ്മിയുടെ ഗോവയിലെ സ്ഥാനാര്‍ത്ഥിയും കെജ്രിവാള് കൈക്കൂലി വാങ്ങിയതായി മൊഴിനല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നതിനാല് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അദ്ദേഹത്തെ റിമാന്റ് ചെയ്ത നടപടി ശരിയാണെന്ന് വിധിക്കുകയും ചെയ്തു. ഇപ്പോള്‍ ദല്‍ഹി തീഹാര്‍ ജയിലില്‍ ഏപ്രില്‍ 15വരെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരിക്കുകയാണ്.
പരാതിക്കാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവാന്‍ കോടതി സമ്മതിച്ചില്ലെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി ആരോപിച്ചിരുന്നു. കോടതി നടപടിക്രമങ്ങളില്‍ രാഷ്ടീയ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: