നിങ്ബോ: തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് മുന്നോടിയായി ഭാരത ബാഡ്മിന്റണിന് ശക്തി പരീക്ഷണം നടത്താനുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. റൗണ്ട് ഓഫ് 32ലേക്കുള്ള യോഗ്യതാ മത്സരമാണ് ഇന്ന് നടക്കുക. ബാഡ്മിന്റണ്‍ ഏഷ്യ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ 41-ാം പതിപ്പാണിത്.
ഭാരതത്തിന്റെ പ്രതീക്ഷാ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ലക്ഷ്യാ സെന്‍, പി.വി. സിന്ധു ഭാരത നിരയില്‍ അണിനിരക്കും. പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ റാങ്ക് തിരിച്ചുപിടിച്ച സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. താരങ്ങളില്‍ ഒരാളുടെ തോളിന് പരിക്കേറ്റത് കാരണമാണ് പങ്കെടുക്കാത്തത്.
ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ പ്രണോയിയുടെ എതിരാളി ചൈനീസ് താരം ലു ഗാങ്ഷൂ ആണ് കിഡംബി ശ്രീകാന്ത് ഇന്തോനേഷ്യയുടെ ആന്തോണി ജിന്റിങ്ങിനെ നേരിടും. ദിവസങ്ങള്‍ക്ക് മുമ്പ് സ്പെയിന് മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ സിന്ധുവിന് ഇന്നത്തെ എതിരാളി മലേഷ്യന്‍ താരം ഗോഹ് ജിന്‍ വേ ആണ്. അതേസമയം ലക്ഷ്യ സെന്നിന് ആദ്യ മത്സരം തന്നെ കനത്ത വെല്ലുവിളിയാണ്. കരുത്തനായ ഷി യു ചി ആണ് പോരടിക്കുക. ടൂര്‍ണമെന്റിലെ ടോപ് സീഡ് താരമാണ് ഷി യു.
പുരുഷ സിംഗിള്‍സില്‍ ഭാരത താരം പ്രിയാന്‍ഷു രജാവത്ത് ഇന്ന് മലേഷ്യയുടെ ലീ സി ജിയയെ നേരിടും. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ അഭാവത്തില്‍ എം.ആര്.അര്ജുന്-ധ്രുവ് കപില ടീം ആണ് ഭാരതത്തിനായി പുരുഷ ഡബിള്‍സില്‍ കളിക്കുന്ന പ്രധാന താരങ്ങള്‍. ഏഴാം സീഡ് താരങ്ങളായ ചൈനയുടെ ല്യൂ യു ഷെന്‍- ഔ ഷുവാന്‍ ചി സഖ്യമാണ്. മറ്റൊരു ഇരട്ട സഖ്യം കൃഷ്ണ പ്രസാദ് ഗരാഗ- സായി പ്രതീക് കെ. സഖ്യവും ഭാരതത്തിനായി കളത്തിലിറങ്ങുന്നുണ്ട്.
വനിതാ ഡബിള്‍സില്‍ താനിഷ ക്രസ്റ്റോയും അശ്വിനി പൊന്നപ്പയും ഉള്‍പ്പെടുന്ന സഖ്യമാണ് പ്രധാന താരങ്ങള്‍. ഇന്നത്തെ ആദ്യ മത്സരത്തില്‍ ഇരുവരും ഇന്തോനേഷ്യന്‍ സഖ്യം ഫെബ്രിയാന ദ്വിപൂജി കുസുമ- അമല്ലിയ കഹായാ പ്രതീവിയെ ആണ് നേരിടുക. അതേസമയം മറ്റൊരു വനിതാ ഇരട്ട സഖ്യം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ചൈനയുടെ ല്യൂ ഷെങ് ചൂ- ടാന്‍ നിംഗ് സഖ്യത്തെ നേരിടും. മത്സരങ്ങള്‍ 14ന് ഫൈനലോടെയാണ് സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: