കുന്നംകുളം : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളത്തെത്തും. ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 9:30നായിരിക്കും പൊതുസമ്മേളനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ പരിശോധനകള്‍ ആരംഭിച്ചു.
നേരത്തെ നിശ്ചയിച്ച കാര്യപരിപാടികളില്‍ മാറ്റമുണ്ടാകാത്ത പക്ഷം സുരക്ഷ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പന്തല്‍ നിര്‍മ്മാണം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. പാര്‍ക്കിംഗ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. ആലത്തൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ.ടി.എന്‍.സരസുവിന്റെയും, സമീപ മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെയും പ്രചരണത്തിനായി മോദി വീണ്ടും എത്തുന്നതോടെ എന്‍ഡിഎ ക്യാമ്പ് ആവേശത്തിലാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ മോദിയുടെ ഗ്യാരന്റി പ്രഖ്യാപിച്ചത് തൃശ്ശൂരിലെ സമ്മേളനത്തിലായിരുന്നു. അതിന് ശേഷം ഗുരുവായൂരും തൃപ്രയാറും പാലക്കാടും പത്തനംതിട്ടയിലും മോദി എത്തിയിരുന്നു. തുടര്‍ച്ചയായി രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രചരണത്തിനെത്തുക വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലവും, ദക്ഷിണന്ത്യേയിലെ ജനവിധിയും എത്ര ഗൗരവത്തോടെ ബിജെപി ദേശീയ നേതൃത്വം കാണുന്നു എന്ന് വ്യക്തമാവുകയാണ്.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഉപരാഷ്ട്രപതിയായിരുന്ന സമയത്ത് കെ.ആര്.നാരായണന് എന്നിവരും കുന്നംകുളത്ത് മുന്‍പ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കച്ചവടപാരമ്പര്യവും, പൈതൃക സ്മരണകളും ഏറെയുള്ള കുന്നംകുളത്ത് പ്രധാനമന്ത്രി എത്തുമ്പോള്‍ അത് പുതിയ ചരിത്രമാക്കാനൊരുങ്ങുകയാണ് എന്‍ഡിഎ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: