കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ലൈംഗിക പീഡനത്തിനിരയായ യുവതിക്കൊപ്പംനിന്നതിന് സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതികാര നടപടി നേരിടേണ്ടി വന്ന നഴ്സായ അനിതയ്ക്ക് ഒടുവില്‍ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നു. മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരിക്കും ഇനിമുതല്‍ അനിതയുടെ സേവനം. അതിജീവിതയ്ക്കൊപ്പം നിന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സീനിയര്‍ നഴ്സായ അനിതയെ സ്ഥലംമാറ്റുകയായിരുന്നു. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിക്കുകയും കോഴിക്കോടു തന്നെ പുനര്‍നിയമനത്തിനുള്ള അനുകൂല ഉത്തരവ് നേടുകയും ചെയ്തെങ്കിലും സര്‍ക്കാരും ആരോഗ്യവകുപ്പും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഏപ്രില്‍ ഒന്നിന് കോടതി ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്ന അനിതയെ മെഡിക്കല്‍ കോളജ് അധികൃതര്‍ അതിന് അനുവദിച്ചില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അനിതയ്ക്ക് നീതി നിഷേധിക്കുകയായിരുന്നു. നിയമവാഴ്ചയെ അംഗീകരിക്കില്ലെന്ന പരസ്യപ്രഖ്യാപനമായിരുന്നു ഇത്. ഇതിനെതിരെ അനിത മെഡിക്കല്‍ കോളജില്‍ സമരം തുടങ്ങിയതോടെ സംഭവം വിവാദമാവുകയും, സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയും ചെയ്തു. കോടതിയുത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് അനിത സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവില്‍ പ്രവേശിക്കപ്പെട്ട യുവതിയെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചത്. യുവതി പോലീസില്‍ പരാതി നല്‍കിയതോടെ പ്രശ്നം പറഞ്ഞൊതുക്കാന്‍ പ്രതി അംഗമായ ജീവനക്കാരുടെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവര്‍ ശ്രമിച്ചു. അഞ്ച് ജീവനക്കാരാണ് പ്രതിയുടെ വക്കാലത്തുമായി ഇരയെ സമീപിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത്. പരാതി പിന്‍വലിക്കാന്‍ തന്നെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി അതിജീവിത ആരോഗ്യവകുപ്പിനെ സമീപിച്ചു. ഈ അഞ്ചുപേര്‍ ആരെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് അനിതയെ യൂണിയന്‍കാരുടെയും ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും ശത്രുവാക്കി മാറ്റിയത്. ഇതിനെത്തുടര്‍ന്ന് അനിതയുടെ ഭാഗത്തുനിന്ന് ‘സൂപ്പര്‍വൈസറി ലാപ്സ്’ ഉണ്ടായെന്ന സിഎംഒയുടെ റിപ്പോര്‍ട്ട് സംഘടിപ്പിച്ചാണ് അവരെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളായെത്തുന്നവര്‍ ഇതിനു മുന്‍പും ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവാറുണ്ടത്രേ. മാനക്കേടു ഭയന്ന് ഇരകള്‍ പരാതിപ്പെടാറില്ലന്നു മാത്രം. അപ്പോഴൊക്കെ അക്രമിക്കൊപ്പം നില്‍ക്കുകയാണ് യൂണിയനില്‍പ്പെട്ട മറ്റ് ജീവനക്കാര്‍ ചെയ്യാറുള്ളത്. പ്രത്യാഘാതങ്ങള്‍ ഭയന്ന് അപമാനം സഹിച്ച് കഴിയാനാണ് ഓരോ സംഭവങ്ങളിലും ഇരകളുടെ വിധി. എന്നാല്‍ തനിക്ക് നേരിട്ട അപമാനം സഹിക്കാന്‍ തയ്യാറാവാതെ യുവതി പരാതിപ്പെടുകയും, ഒത്തുതീര്‍പ്പിന് വഴങ്ങാതിരിക്കുകയും ചെയ്തതോടെ പ്രതിയുടെയും യൂണിയന്റെയും കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.
പ്രബുദ്ധ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് എത്ര മലീമസമാണ് എന്നതിനും തെളിവാണ് ഈ സംഭവം. ശസ്ത്രക്രിയയ്ക്ക് വിധേയമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഒരു സ്ത്രീ ലൈംഗിക അതിക്രമം നേരിട്ടത് അങ്ങേയറ്റം നിന്ദ്യമായ സംഭവമാണ്. ഇതു ചെയ്ത മനോരോഗിയായ മനുഷ്യമൃഗത്തിന് മാതൃകാപരമായി ശിക്ഷ ലഭിക്കാന്‍ നടപടികളെടുക്കുന്നതിനു പകരം സാധ്യമായ വിധത്തിലെല്ലാം സംരക്ഷിക്കാന്‍ അയാളുള്‍പ്പെടുന്ന സര്‍വീസ് സംഘടനയും പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായത് അവിശ്വസനീയമായി തോന്നാമെങ്കിലും ഇടതുപക്ഷ കേരളത്തില്‍ ഇതെല്ലാം സാധാരണമാണ്. ഇടതുപക്ഷത്തുള്ളവര്‍ എത്ര ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്താലും പാര്‍ട്ടി ഒപ്പമുണ്ടാകും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും സംസ്ഥാന ആരോഗ്യമന്ത്രി അതിജീവിതയ്ക്കൊപ്പം നില്‍ക്കാതിരുന്നത് സമൂഹത്തിനു മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാവുന്നവര്ക്കൊപ്പം നില്ക്കുകയെന്നത് മനുഷ്യധര്‍മമാണ്. അതു ചെയ്തതിന് മറ്റൊരു സ്ത്രീയെയും വേട്ടയാടിയത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഒരാളും ഇരകള്‍ക്കൊപ്പം നില്ക്കാന് പാടില്ലെന്നും, അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അനുഭവിക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പാണ് ഇടതുപക്ഷ സര്‍ക്കാര്‍ അനിതയ്ക്ക് നല്‍കിയിരിക്കുന്നത്. അനിതയ്ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞെങ്കിലും ഈ സംഭവം കോടതി വെറുതെ വിടാന്‍ പാടില്ല. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരും സംരക്ഷിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: