ചിലര്‍ക്ക് നിരാശ, പലര്‍ക്കും ആശ്വാസം, ഒട്ടേറെപ്പേര്‍ക്ക് ആശങ്ക- ഇനി എന്ത്? ഇടക്കാല തെരഞ്ഞെടുപ്പിലേക്കോ അതോ പുതിയ സര്‍ക്കാരോ? ഈ ചര്‍ച്ചകള്‍ക്കിടെയാണ് ‘തലമാറട്ടെ’ എന്ന തീരുമാനം ചിലരില്‍നിന്ന് വന്നത്. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് സീതാറാം കേസരിക്ക് ബോധ്യമായി; അതിനാല്‍ പ്രധാനമന്ത്രിയാകാനും കഴിയില്ല. മാത്രമല്ല, ഗൗഡയ്ക്ക് പിന്തുണ പിന്‍വലിച്ചതിനോട് നാട്ടുകാര്‍ക്ക് യോജിപ്പില്ല; കോണ്‍ഗ്രസില്‍ പോലും എതിര്‍പ്പാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും തയാറായിട്ടില്ല. ‘നക്കാമീ’ (ശേഷികെട്ട) സര്‍ക്കാര്‍ എന്നാണ് ഗൗഡ സര്‍ക്കാരിനെ കേസരി വിശേഷിപ്പിച്ചത്. ‘കര്‍മ്മം’ചെയ്യുന്ന മറ്റൊരു നേതാവ് തലപ്പത്തു വന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന സന്ദേശം കേസരിയില്‍നിന്ന് ഐക്യമുന്നണിക്ക് കിട്ടി. അങ്ങനെ ചില രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ച ‘ഓപ്പറേഷന് ഗണപതി’ നടപ്പിലായി. ഗൗഡയ്ക്കു പകരം ഐ.കെ. ഗുജ്റാള്‍ പ്രധാനമന്ത്രിയായി. പക്ഷേ, തലമാറിയിട്ടും ഫലമുണ്ടായില്ല എന്നത് മറ്റൊരു വിഷയം.
വാസ്തവത്തില്‍ ഐക്യമുന്നണിയില്‍ ഐക്യം ഇല്ലാതിരുന്നതിനാലാണ് രണ്ട് പ്രധാനമന്ത്രിമാര്‍ ഭരിച്ചിട്ടും ഭരണം നടക്കാഞ്ഞത്. മുന്നണിയെ നയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റിയുണ്ടാക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ സ്റ്റിയറിങ് കമ്മിറ്റി തലവനായിരുന്ന സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പരാജയമായി, യുഎഫ് പ്രധാനമന്ത്രിമാരുടെ ഭരണവീഴ്ച്ചയെ കാണാന്‍. സിപിഎം നേതാവ് ജ്യോതിബസു പ്രധാനമന്ത്രിയായിരുന്നെങ്കിലും ഇതുതന്നെയായിരുന്നില്ലേ സംഭവിക്കുമായിരുന്നത്?
യുഎഫ് മുന്നണിയില്‍ ആഭ്യന്തര മന്ത്രിയായത് സിപിഐയുടെ മുതിര്‍ന്ന നേതാവ് ഇന്ദ്രജിത് ഗുപ്തയായിരുന്നു. അനുഭവപരിചയം, കഴിവ്, വ്യക്തിത്വം തുടങ്ങി പലതലത്തിലും അതികായന്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍, കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളയാളായിരുന്നു. പക്ഷേ ഐക്യമുന്നണി ഒന്നിനും സമ്മതിച്ചില്ല. ബിജെപി വിരോധത്തില്‍ രൂപപ്പെട്ട, താല്‍ക്കാലിക സംവിധാനമായിരുന്നു അത്.
പ്രധാനമന്ത്രിക്ക് ഒരു താല്പര്യം, സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് മറ്റൊന്ന്. മന്ത്രിമാര്‍ക്ക് അവരവരുടെ പാര്‍ട്ടി താല്പര്യം. എല്ലാവര്‍ക്കുമായുള്ള പൊതുതാല്പര്യം രണ്ടെണ്ണത്തിലൊതുങ്ങി. ഒന്ന്: ഭരണം കൈയാളുക, രണ്ട്: ബിജെപി
യെ ചെറുക്കുക. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ ഇന്ദ്രജിത് ഗുപ്തയ്ക്ക് സ്വീകരിക്കേണ്ടി വന്ന രാഷ്ട്രീയ-ഭരണ നടപടികള്‍ക്ക് അദ്ദേഹത്തിന്റെ മനസാക്ഷി കൂട്ടുണ്ടായിരുന്നില്ല. ഗവര്‍ണര്‍ റൊമേഷ് ഭണ്ഡാരിയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും മുലായം സിങ്ങും ചേര്‍ന്ന് കോണ്‍ഗ്രസിനുവേണ്ടി നടപ്പാക്കിയ പദ്ധതിയായിരുന്നു കല്യാണ്‍ സിങ്ങിനെ പുറത്താക്കല്‍. ദേവഗൗഡയ്ക്ക് മനസില്ലാമനസും ഇന്ദ്രജിത് ഗുപ്തയ്ക്ക് കടുത്ത എതിര്പ്പുമായിരുന്നു. അസന്തുഷ്ടി ഗുപ്ത പരസ്യമാക്കി, പാര്‍ലമെന്റിലും പുറത്തും. ‘അട്ടര്‍ ക്യാവോസ്’ ആണ് യുപിയില്‍ എന്നായിരുന്നു ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത്-സമ്പൂര്‍ണ തകര്‍ച്ച. പ്രധാനമന്ത്രി ഗൗഡയും ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്തയും തമ്മില്‍ മന്ത്രിസഭാ യോഗത്തില്‍ പോലും സംസാരിച്ചിരുന്നില്ല.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാമുവാലിയയിലൂടെ സുര്‍ജിത് സമാന്തര ഭരണം നടത്തി. കോണ്‍ഗ്രസിന്റെ താല്‍പ്പര്യങ്ങള്‍ അവരുടെ നേതാക്കള്‍ സമ്മര്‍ദ്ദങ്ങളിലൂടെ നടപ്പാക്കി. മുന്നണിയിലെ പ്രമുഖനായിരുന്ന ബിജു പട്നായ്ക് കൃത്യമായി മുന്നണിയെ വിലയിരുത്തി: പരസ്പരം വലിച്ചുതാഴ്ത്തുന്ന ഒരു കൂട്ടം ഞണ്ടുകളുടെ ഒത്തുചേരലാണ് ഐക്യമുന്നണി എന്നായിരുന്നു പട്നായ്കിന്റെ പ്രസ്താവന.
ഗുജ്റാള്‍ അധികകാലം ഭരണത്തിലുണ്ടാകില്ലെന്ന് പുതിയ സര്‍ക്കാരിന്റെ രൂപീകരണവേളയില്‍ത്തന്നെ ഉറപ്പായിരുന്നു. ആയുസ് നീട്ടിക്കിട്ടാന്‍ ഒത്തുതീര്‍പ്പുകളുമായി ഐക്യമുന്നണിയും സര്‍ക്കാരിനെ ഭരിപ്പിച്ച് കിട്ടുന്ന അവസരം പരമാവധി മുതലാക്കാന്‍ കോണ്‍ഗ്രസും. അതിനിടെ ഭരണം ആസ്വദിക്കാനുള്ള അവസരമാക്കി മുന്നണിയിലെ കക്ഷികളും. ബോഫോഴ്സ് കേസ്, കാലിത്തീറ്റ കുംഭകോണക്കേസ് എന്നിവയുള്‍പ്പെടെ വിവിധ കേസുകള്‍ അന്വേഷിക്കുന്നത് സിബിഐയായിരുന്നു. സിബിഐ തലവന്‍ ജൊഗീന്ദര്‍ സിങ് കാര്യങ്ങള്‍ ഏറെക്കുറേ നിഷ്പക്ഷമായി മുന്നോട്ടുകൊണ്ടുപോയി. സര്‍ക്കാരിന്റെ ഭരണമില്ലായ്മ സിബിഐയുടെ സ്വതന്ത്ര നിലപാടിനുള്ള അവസരമാക്കി മാറ്റാന്‍ ജൊഗീന്ദര്‍ ശ്രമിച്ചു. എന്നാല്‍, ഗുജ്റാള്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ജൊഗീന്ദറെ മാറ്റി. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം മൂലം എന്നായിരുന്നു അന്ന് വാര്‍ത്തകള്‍.
തൊട്ടുപിന്നാലെ രാജീവ് വധക്കേസില്‍ അന്വേഷണം നടത്തിയിരുന്ന ജെയിന് കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് വന്നു. ജസ്റ്റിസ് മിലാപ് ചന്ദ് ജെയിനിന്റെ റിപ്പോര്‍ട്ടില്‍, പ്രതിസ്ഥാനത്തുള്ള എല്‍ടിടിഇക്ക് ഡിഎംകെയുമായുള്ള ബന്ധം പരാമര്‍ശിക്കപ്പെട്ടു. സീതാറാം കേസരിയുടെ ഉറ്റ സഹായിക്ക് കേസിലുള്ള ബന്ധവും തെളിഞ്ഞു. ഗുജ്റാള്‍ സര്‍ക്കാരിലെ മൂന്ന് ഡിഎംകെ മന്ത്രിമാരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്നണി വഴങ്ങിയില്ല. ഒടുവില്‍, കേസരി ഗുജറാളിനെ വീഴ്ത്തി. 1998 നവംബര്‍ 28ന് പിന്തുണ പിന്‍വലിച്ചു. 1997 ഏപ്രില്‍ 21ന് അധികാരമേറ്റ്, കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായിരുന്നതുള്പ്പെടെ 1998 മാര്‍ച്ച് 19 വരെ ഗുജ്റാള്‍ തുടര്‍ന്നു; ഒരു വര്‍ഷം തികച്ചില്ല. 1998ല്‍ തെരഞ്ഞെടുപ്പ് വന്നു; പന്ത്രണ്ടാം ലോക്സഭ രൂപീകരിക്കാന്‍.
തെരഞ്ഞെടുപ്പില്‍ മൂന്ന് രാഷ്ട്രീയ വാദക്കാരാണ് മുഖ്യമായും മത്സരിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ രാഷ്ട്രീയ ചാമ്പ്യന്മാരായ കാലമായിരുന്നു അത്. മുന്നണി ഭരണമേ ഇനി നടക്കൂ എന്ന വാദം മുക്കാല്‍പ്പേരും സമ്മതിച്ചകാലം. തൊട്ടുമുമ്പത്തെ മഴയില്‍ കിളിര്‍ത്ത തകര പോലെയായിരുന്നു വാസ്തവത്തില്‍ തമിഴ്മാനിലാ കോണ്‍ഗ്രസ്(ടിഎംസി). കോണ്‍ഗ്രസില്‍ നരസിംഹറാവുവിന്റെ നിലപാടുകളോട് കലഹിച്ചപ്പോള്‍ ഒതുക്കപ്പെട്ട ജി.കെ. മൂപ്പനാര്‍, പി. ചിദംബരം എന്നിവരുടെ നേതൃത്വത്തിലാണ് അത് രൂപപ്പെട്ടത്. ഐക്യമുന്നണി നേതാവിനെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ നിര്‍ണായക റോള്‍ വഹിച്ച മൂപ്പനാര്‍ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീതിപോലും ജനിപ്പിച്ചു.
ഡിഎംകെയുടെ ശക്തിപ്രകടനവും ചെറുതല്ലായിരുന്നു. ആന്ധ്രയിലെ ടിഡിപിയും ചന്ദ്രബാബു നായിഡുവും ദല്‍ഹിയില്‍ വിലസി. നായിഡു നായകനായി; ആന്ധ്രഭവനിലായിരുന്നു ഐക്യമുന്നണി സര്‍ക്കാരിന്റെ ഒരു റിമോട്ട് കണ്ട്രോള്. കര്‍ണാടകത്തില്‍ ഒതുങ്ങിയിരുന്ന ജനതാദളിനും ദേശീയ പ്രാധാന്യം വന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)യും ദേശീയ കക്ഷിയുടെ തോന്നല്‍ പ്രകടിപ്പിച്ചു. ലല്ലുപ്രസാദ് (ബീഹാര്‍), മുലായംസിങ് (യുപി), ബിജു പട്നായ്ക്(ഒഡിഷ) എന്നിങ്ങനെ പ്രാദേശിക നേതാക്കളും പ്രമുഖരായി നില്‍ക്കെയാണ് 98 ലെ തെരഞ്ഞെടുപ്പു വന്നത്. ബിജെപിയും കോണ്‍ഗ്രസും അവരുടെ സ്വാഭാവിക സഖ്യകക്ഷികളും ചേര്‍ന്ന സഖ്യവും അനേകം ചെറു പാര്‍ട്ടികളും തമ്മില്‍ നടന്ന ദേശീയതലത്തിലുള്ള ശക്തിപരീക്ഷണമായി ആ തെരഞ്ഞെടുപ്പ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: