കൊല്ലം: ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡി. ഓഫീസര്‍ തസ്തികയില്‍ സംസ്ഥാനത്ത് ആയിരത്തിലധികം ഒഴിവുകള്‍ ഉള്ളപ്പോഴും നിയമനം നടത്തുന്നില്ല. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ചു പേര്‍ക്കുമാത്രമാണ് നിയമന ഉത്തരവ് നല്‍കുന്നത്.
2021 മാര്‍ച്ച് 17ന് നിലവില്‍ വന്ന് 2024 മാര്‍ച്ച് 23ന് അവസാനിച്ച അസി. സര്ജന്/കാഷ്വാല്‍റ്റി മെഡി. ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 25 ശതമാനം നിയമന ശുപാര്‍ശ മാത്രമാണ് നല്‍കിയത്. മെയിന്‍ ലിസ്റ്റില്‍ 1896, സപ്ലിമെന്ററി ലിസ്റ്റില്‍ 1256, ഭിന്നശേഷി ലിസ്റ്റില്‍ 26 എന്നിങ്ങനെ 3178 പേര് അടങ്ങിയതായിരുന്നു ലിസ്റ്റ്. ഇതിനു മുന്‍പുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് 3100 ലധികം പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.
ഈ റാങ്ക് ലിസ്റ്റില്‍ നിയമം നടക്കാതിരുന്നപ്പോഴാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥ ഒഴിവുകള്‍ കണക്കാക്കാതെ 1764 പേരുടെ ചുരുക്കപട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. മെയിന്‍ ലിസ്റ്റ്-889, സപ്ലിമെന്ററി ലിസ്റ്റ്-864, ഭിന്നശേഷി-11 എന്നിങ്ങനെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
മാനദണ്ഡപ്രകാരം ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പേര് ഉള്‍പ്പെടണം. 1000 ഒഴിവുകള്‍ കണക്കാക്കിയാല്‍ പോലും 40 പേര് പട്ടികയിലുണ്ടാകണം. എന്നാല്‍ ലിസ്റ്റില്‍ 11 പേരെമാത്രമാണുള്ളത്. കട്ട്ഓഫ് മാര്‍ക്ക് ഉയര്‍ത്തിയതിനാല്‍ പലരും ചുരുക്കപട്ടികയില്‍ നിന്ന് പുറത്തുപോയി. അസി. സര്ജന് തസ്തികയിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും താരതമ്യം ചെയ്യുമ്പോള്‍ ലിസ്റ്റ് വെറും അപര്യാപ്തമാണ്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇതിന് ആനുപാതികമായി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നില്ല. സര്‍ക്കാര്‍ മെഡി. കോളജുകളില്‍ മാത്രം ആയിരത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണു വിവരം. ജില്ല, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഒഴിവ് വേറെയുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ 1200 ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: